അയർലൻഡിനെതിരായ ആദ്യ ടി-20: ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം; അവസരം ലഭിക്കാതെ സഞ്ജു

അയര്‍ലന്‍ഡിനെതിരായ ട്വന്റി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 9.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ നിരയില്‍ ദീപക് ഹൂഢ-47(29), ഇഷാന്‍ കിഷന്‍-26(11), ഹാര്‍ദിക് പാണ്ഢ്യ-24(12) എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ആദ്യ നാല് ഓവറുകളില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. പിന്നീട് ഹാരി ടെക്ടറിന്റെ അര്‍ദ്ധശതകത്തിന്റെ ബലത്തിലാണ് അയര്‍ലന്‍ഡ് സ്കോര്‍ 108 ലേക്കെത്തിയത്. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ആവേശ് ഖാന്‍, യൂസ്‍വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. മൂന്ന് ഓവറില്‍ 11 റണ്‍സുകള്‍ മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് വീഴ്ത്തിയ ചഹലാണ് മാന്‍ ഓഫ് ദി മാച്ച്.

അയര്‍ലന്‍ഡിലെ വില്ലേജ് സ്റ്റേഡിയത്തിലെത്തിയ ആരാധകരെ നിരാശരാക്കിക്കൊണ്ടായിരുന്നു മഴമൂലം കളി ഏറെ നേരം തടസ്സപ്പെട്ടത്. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം 12 ഓവറാക്കി ചുരുക്കിക്കൊണ്ട് രാത്രി 11.20 (6.50 local time) ഓടെയാണ് തുടങ്ങാനായത്. നേരത്തെ ടീം ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ടീമിലിടം പിടിക്കാത്തതിനാല്‍ അയര്‍ലന്‍ഡിലെ മലയാളി ക്രിക്കറ്റ് പ്രേമികളും ഏറെ നിരാശയിലായിരുന്നു.

ആദ്യ മത്സരത്തില്‍ വിജയിച്ചതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ഇന്ത്യന്‍ ടീം നായകനെന്ന നിലയിലുള്ള അരങ്ങേറ്റ മത്സരത്തില്‍ ജയത്തോടെ തുടങ്ങാനായതോടെ ഹാര്‍ദിക് പാണ്ഢ്യക്ക് അടുത്ത മത്സരത്തിലേക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. നാളെ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.

comments

Share this news

Leave a Reply

%d bloggers like this: