എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഓർമ ദിവസം ആചരിച്ച് കോർക്ക് കൗണ്ടി കൗൺസിൽ; അപകടത്തിൽ ജീവൻ നഷ്ടപ്പട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വേൾഡ് മലയാളി കൗൺസിലും

1985 ജൂൺ മാസം 23ആം തീയതി കാനഡയിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ കനിഷ്ക വിമാനം അയർലണ്ടിനോടടുത്ത് അറ്റ്ലാൻറിക് സമുദ്രത്തിൽ, സിഖ് ഭീകരരുടെ ബോംബാക്രമണത്തിൽ തകർന്ന് വീഴുകയായിരുന്നു. വിമാന ജോലിക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു. കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് അവധിക്കാലം ചെലവഴിക്കാൻ യാത്ര പുറപ്പെട്ട മലയാളി കുടുംബങ്ങൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരായിരുന്നു ദുരന്തത്തിൽ അകപ്പെട്ടവരിലേറെയും .

സ്പോടനത്തിൽ മരിച്ചവരുടെ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങൾ കുറച്ചെങ്കിലും കരയ്ക്കെത്തിച്ചത് അയർലണ്ടിലെ പടിഞ്ഞാറൻ തീരദേശ ഗ്രാമമായ അഹാകിസ്റ്റ എന്ന സ്ഥലത്തായിരുന്നു. ഈ ഗ്രാമത്തിലെ പഴയ തലമുറയ്ക്ക് ഇന്നും അത് വിങ്ങുന്ന ഓർമ്മയായി അവശേഷിക്കുകയാണ്. തങ്ങളുടെ കൺമുൻപിൽ കാണപ്പെട്ട ആ ഭീകര ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോൾ ഇന്നും സ്വദേശവാസികളുടെ കണ്ണുകൾ നിറയുന്നത് കാണുവാൻ സാധിക്കും.

എല്ലാ വർഷവും ജൂൺ 23 ന് കോർക്ക് കൗണ്ടി കൗൺസിൽ ദുഃഖാചരണം നടത്തുമ്പോൾ മരിച്ചവരുടെ ബന്ധുമിത്രാത്രികളും പരിസരവാസികളും അയർലന്‍ഡിലെ പ്രമുഖ ഇൻഡ്യൻ സംഘടനകളും പുഷ്പഹാരം അർപ്പിക്കുകയും പ്രാർത്ഥനയിൽ പങ്കെടുക്കുകയും അനുശോചന പ്രസംഗങ്ങൾ നടത്തിപോരുകയും ചെയ്യാറുണ്ട്.


പതിവുപോലെ തന്നെ ഈ വർഷത്തെ ദുഃഖാചരണത്തിലും കോർക്ക് വേൾഡ് മലയാളി കൗൺസിലിന്റെ ഭാരവാഹികൾ പ്രസ്തുത ഓർമ്മയാചരണത്തിന്റെ ഭാഗമായി. ചെയർമാൻ ജയ്സൺ ജോസഫ് പൂച്ചെണ്ടുകൾ അർപ്പിച്ചുകൊണ്ട് അതിദാരുണമായി കൊല്ലപ്പെട്ട മലയാളികൾ ഉൾപ്പെടയുള്ള പ്രവാസിഭാരതീയരുടേയും മറ്റുരാജ്യക്കാരുടേയും ആത്മാവിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് അവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി തന്റെ അനുശോചന സന്ദേശനത്തിൽ അറിയിച്ചു.

ഭീകരവാദത്തിന്റെ ഏറ്റവും പൈശാചികമായ മുഖമായാണ് ചരിത്രപുസ്തകത്താളുകളിൽ ഈ വിമാനഅപകടം രേഖപ്പെടുത്തേണ്ടതെന്നും, പ്രവാസികളായ നമ്മൾ ഓരോരുത്തർക്കും ഈ അപകടം പേടിപ്പെടുത്തുന്ന ഒരു ഓർമ്മയായാണ് ഓരോ വിമാനയാത്രയിലും മിന്നിമറയുന്നതെന്നും WMC കോർക്ക് ജനറൽ സെക്രട്ടറി ശ്രീമാൻ ജോൺസൻ ചാൾസ് തന്റെ അനുശോചനസന്ദേശത്തിൽ അറിയിച്ചു.

കാലത്തിന്റെ യവനികയിൽ ഒരിക്കലും ഈ വിമാന അപകടം മറയാതിരിക്കുവാനും മരിച്ച ഇന്ത്യന്‍ വംശജരെ ഓർക്കേണ്ടത് പ്രവാസികളും അയർലൻഡിൽ ജീവിക്കുന്നവരുമായ നമ്മൾ ഓരോരുത്തരുടേയും കടമയാണ് എന്ന് WMC കോർക്ക് ട്രഷററും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ജീവനക്കാരനുമായ ശ്രീ. മധു മാത്യു അറിയിച്ചു. അതിനായി വരും നാളുകളിൽ കോർക്കിലെ എല്ലാ പ്രമുഖ ഇൻഡ്യൻ കലാ സാംസ്കാരിക സംഘടകളുടേയും ഭാഗഭാഗിത്തം ഉണ്ടാകണമെന്നും, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഈ ദുരന്തത്തിന്റെ ഓർമ്മയുടെ ഏടുകളിലേക്ക് വിരൽ ചുണ്ടുന്ന ചില ചിത്രങ്ങൾ കാണുമ്പോൾ ഇന്നും കണ്ണുകൾ ഈറൻ അണിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2010 ൽ കനിഷ്ക്ക വിമാനാപകടത്തിന്റെ 25 ആമത് വാർഷികത്തിന് CNN ചാനലിനായി താനും ഓസ്ട്രേലിയയ്ക്ക് കുടിയേറിയ സുഹൃത്ത് വിനോയി ജേക്കബും കൂടി വാർത്ത ചിത്രീകരിക്കുവാൻ വന്നതിന്റെ ഓർമ്മകളുമായി WMC കോർക്ക് പ്രസിഡന്റ് ലിജോ ജോസഫ് സംസാരിച്ചു. തഥവസരത്തിൽ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു കൊണ്ട് കനേഡിയൻ നിയമമന്ത്രി ഹെൻറി സ്‌ലേറ്ററും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദും വൻ ജനാവലിയേയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും കോർക്ക് മേയറേയും സാക്ഷിനിർത്തി നടത്തിയ വികാര നിർഭരമായ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മകളിൽ നിന്നും ഓർത്തെടുക്കുകയും ചെയ്തു.

എല്ലാ തരത്തിലുമുള്ള ഭീകരവാദത്തേയും സാമൂഹിക ദ്രുവീകരണങ്ങളേയും തള്ളി പറയേണ്ടത് സാംസ്കാരിക സാമൂഹിക കലാ സംഘടനകളുടെ കടമയാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭീകരവാദത്തിന് പലതരത്തിലുള്ള മുഖങ്ങൾ ഉണ്ട് എന്നും ഏത് മുഖംമൂടി ധരിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങളും സമൂഹത്തിൽ ഒറ്റപ്പെടുത്തേണ്ടവയാണ് എന്നും അങ്ങിനെ ചെയ്യുമ്പോൾ മാത്രമാണ് ഈ ദുരന്തത്തിൽ മരിച്ചവരുടെ ആത്മാക്കളോടും കുടുംബാഗങ്ങളോടും ഉള്ള നമ്മുടെ അനുശോചനവും പ്രാർത്ഥനയും പൂർത്തിയാവുകയുള്ളൂ എന്ന കാഴ്ച്ചപ്പാട് തൻ്റെ അനുശോചന സന്ദേശത്തിൽ പങ്കുവെച്ചു.

Share this news

Leave a Reply

%d bloggers like this: