മാന്ദ്യഭീതിയിൽ കൂപ്പു കുത്തി യൂറോ; 20 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ഇടിവ്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഔദ്യോഗിക കറന്‍സിയായ യൂറോയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച ഡോളറിനെതിരെ 1.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ യൂറോയുടെ മൂല്യം 1.0281 ഡോളറിലെത്തി. 2002 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ഇത്. സ്വിസ് ഫ്രാങ്കിനെതിരെ 0.9 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ യൂറോയുടെ മൂല്യം 0.9925 ഫ്രാങ്കായി കുറഞ്ഞു.

നാച്ചുറല്‍ ഗ്യാസിലെ വിലവര്‍ദ്ധനവ് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ആശങ്കകള്‍ സൃഷ്ടിച്ചതും, യൂറോപ്യന്‍ ‍മേഖലയിലെ വ്യാപാര വളര്‍ച്ച ജൂണ്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുമാണ് യൂറോയുടെ മൂല്യം ഇടിയാന്‍ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നോർവീജിയൻ ഓഫ്‌ഷോർ തൊഴിലാളികള്‍ ചൊവ്വാഴ്ച പണിമുടക്ക് നടത്തുമെന്ന വാര്‍ത്ത മേഖലയിലെ എണ്ണ-വാതക ഉത്പാദനം കുറയ്ക്കുമെന്ന ആശങ്കളും സൃഷ്ടിച്ചിരുന്നു.

അതേസമയം, ഡോളര്‍ ഇന്റക്സ് റേറ്റ് 1.1 ശതമാനം ഉയര്‍ന്ന് 106.26 എന്ന നിലയിലേക്കെത്തി. കടുത്ത സാമ്പത്തിക അനിശ്ചിതാവസ്ഥയില്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടാറുള്ള കറന്‍സിയായ ഡോളറിന്റെ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഇന്റക്സ് റേറ്റാണ് ഇത്. കൂടാതെ യൂറോപ്പിലും, ബ്രിട്ടനിലും പ്രകൃതി വാതക വില 17 ശതമാനത്തോളം വര്‍ദ്ധിച്ചതിന് ശേഷം യൂറോപ് മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതകളും വര്‍ദ്ധിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Share this news

Leave a Reply

%d bloggers like this: