ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്: പുരസ്‌കാര നിറവിൽ അയർലൻഡ് മലയാളി നിർമാണ പങ്കാളിയായ ചിത്രം ; ‘ഋ’ നേടിയത് മൂന്ന് പുരസ്കാരങ്ങൾ

2021 ലെ ജെ.സി ഡാനിയേല്‍ ഫൌണ്ടേഷന്‍ സിനിമാ പുരസ്കാര പ്രഖ്യാപനത്തില്‍ അയര്‍ലന്‍ഡ് മലാളികള്‍ക്കും സന്തോഷിക്കാം. അയര്‍ലന്‍ഡ് മലയാളിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് നിര്‍മ്മാണ പങ്കാളിയായ ‘ഋ’ എന്ന ചലച്ചിത്രം മൂന്ന് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച അവലംബിത തിരക്കഥ-(ഡോ. ജോസ് കെ മാനുവല്‍), മികച്ച ഗായിക-(മഞ്ജരി) എന്നീ പുരസ്കാരങ്ങളാണ് ‘ഋ’ നേടിയത്. ഫാ. വര്‍ഗ്ഗീസ് ലാലാണ് ഋ എന്ന ചിത്രത്തിന്റെ സംവിധായകന്‍.

സിനിമയുടെ നിര്‍മ്മാണ പങ്കാളിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലാണ് താമസിക്കുന്നത്. അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും, പ്രതിസന്ധികള്‍ക്കിടയിലും റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വാണ് ഈ അവാര്‍ഡ് നേട്ടമെന്നും ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഡോക്ടര്‍ ഗിരീഷ് റാം കുമാര്‍, മേരി ജോയ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് നിര്‍മ്മാണ പങ്കാളികള്‍.

2021 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. കൃഷാന്ദ് ആര്‍.കെ സംവിധാനം നിര്‍വ്വഹിച്ച ആവാസവ്യൂഹമാണ് മികച്ച ചലച്ചിത്രമായി തിരഞ്ഞെടുത്തത്. മധുരം എന്ന ചിത്രം സംവിധാനം ചെയ്ത അഹമ്മദ് കബീര്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജിനെ മികച്ച നടനായും, ഉടലിലെ അഭിനയത്തിന് ദുര്‍ഗ്ഗ കൃഷ്ണയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച അഭിനേതാവിനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കി.

Share this news

Leave a Reply

%d bloggers like this: