അയർലൻഡിൽ ഇലക്ട്രിക്ക് വാഹനം ഇല്ലാത്തവർക്കും ഇനിമുതൽ ഇ.വി ചാർജ്ജിങ് പോയിന്റ് ഗ്രാന്റ്

അയര്‍ലന്‍ഡില്‍ സ്വന്തമായി ഇലക്ട്രിക് വാഹനങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇനിമുതല്‍ ഇ.വി ചാര്‍ജ്ജിങ് പോയിന്റ് ഗ്രാന്റിനായി അപേക്ഷിക്കാം. രാജ്യത്തെ ഇവി.ചാര്‍ജ്ജിങ് അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടൊപ്പം അപ്പാര്‍ട്ടുമെന്റുകളിലും, മള്‍ട്ടി യൂണിറ്റ് വാസസ്ഥലങ്ങളിലുള്ളവര്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് സഹായകമായ അപ്പാര്‍ട്ട്മെന്റ് ചാര്‍ജ്ജിങ് ഗ്രാന്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പരമാവധി 600 യൂറോയാണ് ഇ.വി ചാര്‍ജ്ജിങ് പോയിന്റ് ഗ്രാന്റായി സര്‍ക്കാര്‍ അനുവദിക്കുന്നത്. ചാര്‍ജ്ജിങ് യൂണിറ്റ് വാങ്ങുന്നതിനും, ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമടക്കമുള്ള ആവശ്യങ്ങള്‍ക്കാണ് ഈ തുക. അതേസമയം സെപ്തംബര്‍ മുതല്‍ സ്മാര്‍ട് ചാര്‍ജ്ജര്‍ യൂണിറ്റ് സ്ഥാപിക്കുന്ന വീട്ടുടമസ്ഥര്‍ക്ക് മാത്രമാണ് ഗ്രാന്റ് ലഭിക്കുക.

ഇതോടൊപ്പം സ്പോര്‍ട്സ് ക്ലബ്ബുകളിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായുള്ള ചാര്‍ജ്ജിങ് ശ്രംഖല സ്ഥാപിക്കുന്നതിനുള്ള ഫണ്ടിങ്ങും ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി ചാര്‍ജ്ജിങ് ഹബ്ബുകളെ ആശ്രയിക്കുന്നതിന് പകരം ഹോം ചാര്‍ജ്ജിങ് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ മാതൃക പിന്തുടര്‍ന്ന് കൊണ്ടാണ് അയര്‍ലന്‍ഡ് ചാര്‍ജ്ജിങ് പോയിന്റ് ഗ്രാന്റ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മാത്രമല്ല ചാര്‍ജ്ജിങ് ഹബ്ബുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യുന്നതിനേക്കാള്‍ വീടുകളില്‍ ചാര്‍ജ്ജ് ചെയ്യുന്നതാണ് ഇ.വി ബാറ്ററികള്‍ കൂടുതല്‍ ഈടുനില്‍ക്കാന്‍ സഹായകമെന്ന് ഓട്ടോമോട്ടിവ് വ്യവസായ വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. അയര്‍ലന്‍ഡില്‍ സീറോ എമ്മിഷന്‍ വാഹനങ്ങളുടെ ട്രാന്‍സിഷന്‍ ലക്ഷ്യം വച്ചുകൊണ്ട് Zero Emissions Vehicles Ireland എന്ന പേരില്‍ പ്രത്യേകം ഓഫീസ് ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ‍

Share this news

Leave a Reply

%d bloggers like this: