എഴുപത് ബ്രാഞ്ചുകൾ ‘ക്യാഷ്‌ലെസ്സ്’ ആക്കാനുള്ള തീരുമാനത്തിൽ നിന്നും AIB പിന്മാറി

Allied Irish Banks ന്റെ (AIB) 70 ബ്രാഞ്ചുകള്‍ ക്യാഷ്‍ലെസ്സ് ആക്കാനുള്ള തീരുമാനത്തില്‍ നിന്നും ബാങ്ക് അധികൃതര്‍ പിന്‍മാറി. ബ്രാഞ്ചുകള്‍ ക്യാഷ്‍ലെസ്സ് ആക്കാനുള്ള തീരുമാനം ബാങ്ക് ഉപഭോക്താക്കളിലും, പൊതുജനങ്ങളിലും ആശങ്ക സൃഷ്ടിച്ച സാഹരച്യത്തിലാണ് പിന്‍മാറ്റം. ‍‍‍ഈ ബ്രാഞ്ചുകളിലെ ATM സര്‍വ്വീസുകള്‍. ചെക്ക് സര്‍വ്വീസുകള്‍ എന്നിവയടക്കം അവസാനിപ്പിക്കുമെന്നായിരുന്നു ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ 920 പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്ക് ഉപഭോക്താക്കള്‍ക്ക് പണമിടപാടുകളും, ചെക്ക് ഇടപാടുകളും നടത്താവുന്നതാണെന്നും ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ച AIB പുറത്തുവിട്ട പ്രസ്താവനയിലാണ് തീരുമാനത്തില്‍ നിന്നും പിന്‍മാറുന്നതായുള്ള ബാങ്കിന്റെ പ്രഖ്യാപനം. ഡിജിറ്റല്‍ ബാങ്കിങ് കൂടുതല്‍ വ്യാപകമായതോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടിയില്‍ ബാങ്കിലെ എ.ടി.എം വഴിയുള്ള പണം പിന്‍വലിക്കലില്‍ 36 ശതമാനത്തിന്റെയും, ചെക്ക് ഇടപാടുകളില്‍ 50 ശതമാനത്തിന്റയും കുറവ് വന്നിട്ടുണ്ട്. AIB യുടെ കാര്യത്തില്‍ ദിവസേന 2.9 മില്യണ്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുമ്പോള്‍, ബ്രാഞ്ചുകളിലേക്കെത്തുന്നത് 35000 ഉപഭോക്താക്കള്‍ മാത്രമാണ്.

ഡിജിറ്റല്‍ ബാങ്കിങ്ങിലുണ്ടാവുന്ന ഈ വികാസത്തിന്റെയും, An Post മായുള്ള ദീര്‍ഘകാല ബന്ധത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ബ്രാഞ്ചുകള്‍ ക്യാഷ്‍ലസ് ആക്കാനുള്ള തീരുമാനത്തിലേക്ക് AIB എത്തിയത്. എന്നാല്‍ ഉപഭോക്താക്കളുടെ ആശങ്ക പരിഗണിച്ച് ബാങ്ക് ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ഇന്നലെ പുറതത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബാങ്ക് അതിന്റെ 170 ബ്രാഞ്ചുകള്‍ വഴിയും ക്യാഷ് ഇടപാടുകള്‍ തുടരുമെന്നും, An Post മായുള്ള സഹകരണവും തുടര്‍ന്നു പോവുമെന്നും പ്രസ്താവനയില്‍ പറയുന്നു.

70 ബ്രാഞ്ചുകളില്‍ ക്യാഷ് ഇടപാടുകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നത്. ബാങ്ക് അധികൃതര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ നിര്‍ദ്ദേശിച്ചിരുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് അയര്‍ലന്‍ഡ് ധനകാര്യ മന്ത്രിയോട് Sinn Féin ഉം ആവശ്യപ്പെട്ടിരുന്നു.

comments

Share this news

Leave a Reply

%d bloggers like this: