വീണ്ടും ചരിത്ര നേട്ടവുമായി ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് വേണ്ടി വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് നീരജ് ചോപ്ര വീണ്ടും ചരിത്ര പുസ്തകത്തില്‍ ഇടം പിടിച്ചത്. ഇന്ത്യക്ക് വേണ്ടി ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ്. ഇതിന് മുന്‍പ് മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് 2003 ല്‍ നേടിയ വെങ്കല മെഡലായിരുന്നു മീറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. രണ്ടാം മെഡലിനായി 19 വര്‍ഷങ്ങളോളം ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു.
യു.എസിലെ Oregon ല്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജിന്റെ മെഡല്‍ നേട്ടം.നാലാമത്തെ ത്രോയിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്. 90.54 മീറ്റര്‍ ദൂരമെറിഞ്ഞ ഗ്രനാഡ താരം ആന്ഡേഴ്സണ് പീറ്റേഴ്സനാണ് സ്വര്‍ണം നേടിയത്.
വെള്ളിയാഴ്ച നടന്ന പ്രാഥമിക റൗണ്ടില്‍ 88.39 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു നീരജ് ഫൈനലിന് യോഗ്യത നേടിയത്. അതേസമയം ഫൈനലിലെത്തിയ ഇന്ത്യയുടെ തന്നെ മറ്റൊരു താരം രോഹിത് യാദവിന് പത്താം സ്ഥാനത്ത് എത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. തന്റെ മികച്ച ദുരമായ 78.72 മീറ്റര്‍ കണ്ടെത്താന്‍ രോഹിത്തിനായി.