അമിതവേഗതയ്ക്കും, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുമുള്ള പിഴശിക്ഷ ഇരട്ടിയാക്കാനൊരുങ്ങി അയർലൻഡ് സർക്കാർ

അമിത വേഗതയ്ക്കും, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുമുള്ള പിഴശിക്ഷ ഇരട്ടിയാക്കാനൊരുങ്ങി അയര്‍ലന്‍ഡ് സര്‍ക്കാര്‍. വരും ആഴ്ചകളില്‍ തന്നെ പുതുക്കിയ ഫൈന്‍ നിലവില്‍ വരുമെന്ന് ഗതാഗത ചുമതലയുള്ള മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Hildegarde Naughton പറഞ്ഞു. രാജ്യത്തെ റോഡപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

അമിത വേഗതയ്ക്ക് നിലവില്‍ 80 യൂറോയാണ് പിഴയായി ഈടാക്കുന്നത്. ഇത് 160 യൂറോയാക്കി ഉയര്‍ത്തും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കുമുള്ള പിഴ 120 യൂറോയാക്കിയും ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ പദ്ധതി.

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം അഞ്ച് പേരാണ് അയര്‍ലന്‍ഡില്‍ വിവിധ വാഹനപകടങ്ങളിലായി മരണപ്പെട്ടത്. ഇതോടെ ഈ വര്‍ഷം ഇതുവരെ റോഡില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണം 94 ആയി.

അയര്‍ലന്‍ഡില്‍ റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളുടെ പ്രധാനകാരണം ഓവര്‍സ്പീഡ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് എന്നിവയാണെന്നതിന്റെ തെളിവുകള്‍ റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും ലഭിച്ചതായി മിനിസ്റ്റര്‍ പറഞ്ഞു. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഇത്തരത്തിലുള്ള ഒരു ലക്ഷത്തോളം നിയമലംഘനങ്ങളാണ് ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്.

കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി 61 നിരീക്ഷണ ക്യാമറകള്‍ കൂടെ കഴിഞ്ഞ ദിവസം രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ നിരീക്ഷണ ക്യാമറകളുടെ എണ്ണം 1400 ആയതായി മിനിസ്റ്റര്‍ പറഞ്ഞു.

ഗാര്‍ഡയുടെയും, റോഡ് സേഫ്റ്റി അതോറിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള മിഡ് സമ്മര്‍ റോഡ് സേഫ്റ്റി ബോധവത്കരണ പരിപാടി ഇന്നലെ മുതല്‍ ആരംഭിച്ചു. ആഗസ്റ്റ് മാസത്തില്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ വാഹനങ്ങളുമായി അയര്‍ലന്‍ഡ് റോഡുകളിലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും, വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നത് കുടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കാമെന്നും അധിക‍ൃതര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ റോഡപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലായിരുന്നു. 22 പേരായിരുന്നു അന്ന് മരണപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: