കോമൺവെൽത്ത് ഗെയിംസ് : മീരാഭായ് ചാനുവിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണ്ണം ; ഇന്ത്യയുടെ ആകെ മെഡൽ നേട്ടം നാല്

കോമണ്‍വെല്‍ത്ത് ഗെയിംസ്-2022 ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് സ്വര്‍ണ്ണം. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു സ്വര്‍ണ്ണമെഡല്‍ നേടിയത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണമെഡലാണ് ഇത്. സ്നാച്ചിലും, ക്ലീന്‍ ആന്റ് ജര്‍ക്കിലുമായി 201 കിലോഗ്രാം ഉയര്‍ത്തിയ മീരാഭായ് ചാനു കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡ് തിരുത്തിക്കുറിച്ചാണ് ഇന്ത്യക്കായി സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. സ്നാച്ചില്‍ 88 കിലോയും, ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 113 കിലോഗ്രാമുമാണ് മീരാഭായ് യുടെ മികച്ച ലിഫ്റ്റുകള്‍.

കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിമ്പിക്സില്‍ ഇതേ വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ മീരാഭായ് 2018 ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. സെപ്തംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണ നേട്ടമാണ് മീരാഭായ് ചാനുവിന്റെ അടുത്ത ലക്ഷ്യം.

മീരാഭായ് ചാനുവിന് പുറമെ വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വെള്ളിമെഡല്‍ സ്വന്തമാക്കി. സ്നാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്കിലുമായി 203 കിലോഗ്രാം ഉയര്‍ത്തിയാണ് ബിന്ദ്യാറാണിയുടെ നേട്ടം.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനമായ ശനിയാഴ്ച ഇന്ത്യ സ്വന്തമാക്കിയ നാല് മെഡലുകളും ഭാരോദ്വഹനത്തിലായിരുന്നു.നേരത്തെ പുരുഷന്‍മാരുടെ 55 കിലോഗ്രാം വിഭാഗത്തില്‍ സങ്കേത് സര്‍ഗാര്‍ വെള്ളി മെഡലും, 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ വെങ്കലമെഡലും സ്വന്തമാക്കിയിരുന്നു.

ഒരു സ്വര്‍ണ്ണവും, രണ്ട് വെള്ളിയും, ഒരു വെങ്കലവുമടക്കം നാല് മെഡലുകള്‍ നേടിയ ഇന്ത്യ നിലവില്‍ മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

comments

Share this news

Leave a Reply

%d bloggers like this: