ഉക്രൈൻ അഭയാർത്ഥികൾക്ക് താമസമൊരുക്കാൻ രാജ്യത്തെ കായിക സമിതികളുടെ സഹായം തേടി അയർലൻഡ് സർക്കാർ

യുദ്ധസാഹചര്യത്തില്‍ ഉക്രൈന്‍ വിട്ട് അയര്‍ലന്‍ഡിലേക്കെത്തുന്ന അഭയാര്‍ഥികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ രാജ്യത്തെ വിവിധ കായിക സമിതികളുടെ സഹായം തേടി അയര്‍ലന്‍ഡ് സര്‍ക്കാര്‍. അഭയാര്‍ഥികള്‍ക്ക് ഹൃസ്വകാല താമസ സൗകര്യമൊരുക്കുന്നതിന് ഈ സമിതികളുടെ കീഴിലുള്ള സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കുന്നതിനുളള സഹായമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Children, Equality, Disability, Integration and Youth മിനിസ്ട്രിയില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കായിക മന്ത്രാലയം ഈ സംഘടനകളെ ബന്ധപ്പെടുകയായിരുന്നു. FAI, GAA, IRFU, Sport Ireland എന്നിവരില്‍ നിന്നുളള സഹായമാണ് ആവശ്യപ്പെട്ടത്. അനുകൂല മറുപടിയാണ് കായിക സമിതികളില്‍ നിന്നും ലഭിച്ചത് എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞയാഴ്ച നൂറോളം അഭയാര്‍ഥികളെ ഡബ്ലിനിലെ Aviva സ്റ്റേഡിയത്തില്‍ താത്കാലികമായി താമസിപ്പിച്ചിരുന്നു. ഇവരെ പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. രാജ്യത്തേക്കുള്ള അഭയാര്‍ഥികളെ താമസിപ്പിക്കാനുള്ള സൗകര്യക്കുറവിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരെ Gormanston മിലിട്ടറി ക്യാംപിലെ ടെന്റുകളിലടക്കം പാര്‍പ്പിച്ചിരുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പഴയ ടെര്‍മിനലും ഒരു ഘട്ടത്തില്‍ അഭയാര്‍ഥികളെ താമസിപ്പിക്കാനായി ഉപയോഗിച്ചിരുന്നു. അയ്യായിരത്തോളം പേരെ സ്റ്റുഡന്റ് അക്കമഡേഷന്‍ കേന്ദ്രങ്ങളിലായിരുന്നു സര്‍ക്കാര്‍ താമസിപ്പിച്ചിരുന്നത്. കോളേജുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ തിരികെയെത്തുമ്പോള്‍ ഇവരെ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കേണ്ടി വരും.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 40000 ത്തിലധികം അഭയാര്‍ഥികളാണ് ഉക്രൈനില്‍ നിന്നും അയര്‍ലന്‍ഡിലേക്ക് എത്തിച്ചേര്‍ന്നത്. ഇവരില്‍ ഭൂരിഭാഗം പേരു സ്ത്രീകളും കുട്ടികളുമാണ്. നിലവില്‍ 32000 പേര്‍ക്ക് താമസമൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ദിവസേന 130 ലധികം ഉക്രൈന്‍ സ്വദേശികള്‍ അയര്‍ലന്‍ഡിലേക്ക് അഭയം തേടിയെത്തുന്നതായാണ് നിലവില്‍ ലഭിക്കുന്ന കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: