രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം Fleadh Cheoil വീണ്ടും; Mullingar ൽ ഇനി ആഘോഷത്തിന്റെ ദിനങ്ങൾ

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മ്യൂസിക്- ‍ഡാന്‍സ് ഫെസ്റ്റിവലുകളിലൊന്നായ Fleadh Cheoil ന് വര്‍ണ്ണാഭമായ തുടക്കം . Westmeath ലെ Mullingar ആഥിതേയത്വം വഹിക്കുന്ന ഇത്തവണത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം അയര്‍ലന്‍ഡ് പ്രസിഡന്റ് Michael D Higgins ഞായറാഴ്ച നിര്‍വ്വഹിച്ചു. ഐറിഷ് സംസ്കാരത്തിലും, ചരിത്രത്തിലും‍ സംഗീതത്തിന് വളരെ വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവേ പ്രസിഡന്റ് Michael D Higgins പറഞ്ഞു. ഞായറാഴ്ച മുതല്‍ ആരംഭിച്ച പരിപാടികള്‍ ആഗസ്റ്റ് 7 നാണ് അവസാനിക്കുന്നത്.

1951 ല്‍ Mullingar നഗരത്തില്‍ തന്നെയായിരുന്നു ആദ്യത്തെ Fleadh Cheoil സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് 1963 ലും ഇതേ നഗരത്തിലേക്ക് തന്നെ Fleadh Cheoil മടങ്ങി വന്നിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് Mullingar ഫെസ്റ്റിവലിനെ വരവേല്‍ക്കുന്നത്. ഇക്കാരണത്താല്‍ Homecoming-2022എന്നാണ് ഇത്തവണത്തെ Fleadh Cheoil ന് പേര് നല്‍കിയിരിക്കുന്നത്.

1951 മുതല്‍ തുടര്‍ച്ചയായി നടന്നിരുന്ന ഫെസ്റ്റിവല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മൂലം മുടങ്ങിക്കിടക്കുകയായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് ആളുകള്‍ കാഴ്ചക്കാരായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന 150 ഓളം മത്സരങ്ങള്‍ ഇവിടെ വരും ദിവസങ്ങളില്‍ നടക്കും.

ആറ് വര്‍ഷത്തോളമായി Fleadh Cheoil നെ വരവേല്‍ക്കാന്‍ Mullingar നഗരം തയ്യാറെടുക്കുകയായിരുന്നു എന്നാണ് പരിപാടിയുടെ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ Joe Connaire പറഞ്ഞത്. ഈ തയ്യാറെടുപ്പുകള്‍ വിജയം കാണുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: