ഡബ്ലിൻ ഹോംലസ്സ് ഹോസ്റ്റലുകൾ സംബന്ധിച്ച് പരാതി പ്രവാഹം; ഈ വർഷം ഇതുവരെ ലഭിച്ചത് അറുപതോളം പരാതികൾ

ഡബ്ലിനിലെ വീടില്ലാത്തവര്‍ക്കുള്ള അക്കമഡേഷന്‍ സര്‍വ്വീസുകള്‍ സംബന്ധിച്ച് പരാതിപ്രവാഹം. ഈ വര്‍ഷം ഇതുവരെ അറുപതോളം പരാതികള്‍ ലഭിച്ചതായി Dublin Regional Homeless Executive (DRHE) അറിയിച്ചു.

ലഭിച്ച ഭൂരിഭാഗം പരാതികളും ഹോസ്റ്റലുകളിലെ ജീവനക്കാരെ സംബന്ധിച്ചുള്ളതാണെന്നാണ് DRHE നല്‍കുന്ന വിവരം. മുപ്പതോളം പരാതികളാണ് ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ലഭിച്ചത്. ഹോസ്റ്റലിലെ ജീവനക്കാര്‍ രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പിക്കുന്നു എന്ന തരത്തിലുള്ള പരാതികളും DRHE യില്‍ ലഭിച്ചിട്ടുണ്ട്. പത്തോളം പരാതികള്‍ മോശം സൗകര്യങ്ങള്‍ സംബന്ധിച്ചുള്ളവയുമാണ്.

സ്റ്റാഫിന്റെ ഭാഗത്തുനിന്നും താമസക്കാര്‍ക്ക് അക്രമം നേരിടേണ്ടി വന്നതായുള്ള പരാതികളും ലഭിച്ചിട്ടുണ്ട്. റൂമിലെ പൊട്ടിയ കട്ടില്‍ സംബന്ധിച്ച് ഇതിനു മുന്‍പ് പരാതി നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധിച്ച് നടപടികളുണ്ടായില്ലെന്നും, ഈ കട്ടില്‍ ഒടിഞ്ഞ് തന്റെ പത്തു വയസ്സുകാരനായ മകന് ഇപ്പോള്‍ പരിക്ക് പറ്റിയതായും ഒരു സ്ത്രീ ഈയടുത്ത് DRHE യില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭാര്യാഭര്‍ത്താക്കന്‍മാരായ താമസക്കാരെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നത് സംബന്ധിച്ചും, റൂമിലെ മറ്റു താമസക്കാര്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ചുമുള്ള പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. . ഷെഡ്യൂള്‍ ചെയ്ത ഭക്ഷണസമയത്ത് താന്‍ ജോലിയിലായതിനാല്‍ തനിക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും, തിരികെ വന്ന് ഭക്ഷണം പാകം ചെയ്തുകഴിക്കാന‍ായി തന്നെ അടുക്കളയിലേക്ക് പ്രവേശിപ്പിക്കാറില്ലെന്നുമാണ് മറ്റൊരു ക്ലൈന്റിന്റെ പരാതി.

ഇത്തരം കേന്ദ്രങ്ങളിലെ താമസക്കാര്‍ അല്ലാത്തവരില്‍ നിന്നുള്ള പരാതികളും DRHE യില്‍ ലഭിച്ചിട്ടുണ്ട്. DRHE യുടെ മേല്‍നോട്ടത്തിലുള്ള ഇത്തരമൊരു കേന്ദ്രത്തില്‍ സാമൂഹിക- വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു കൗണ്‍സിലര്‍ തന്നെ DRHE ക്ക് കത്തെഴുതിയിരുന്നു,

ഹോംലസ്സ് അക്കമഡേഷന്‍ സെന്ററിലെ നിബന്ധനകള്‍ സംബന്ധിച്ചുള്ള ഒരു താമസക്കാരന്റെ ആശങ്കകള്‍ TD Róisín Shortall ഈയടുത്തായി ഉന്നയിച്ചിരുന്നു., ഇതുസംബന്ധിച്ച് അദ്ദേഹം പരാതിയും നല്‍കിയിട്ടുണ്ട്.

DRHE സര്‍വ്വീസുകള്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും, ഏതുതരത്തിലുള്ള പരാതിയും ഉന്നയിക്കാവുന്നതാണെന്നും, എല്ലാ പരാതികളും മൂന്നാഴ്ചകള്‍ക്കുള്ളില്‍ തന്നെ അന്വേഷിക്കുമെന്നും DRHE വക്താവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: