അന്താരാഷ്ട്ര മലയാളികളും വെടിവട്ടവും- അശ്വതി പ്ലാക്കൽ എഴുതുന്നു

-അശ്വതി പ്ലാക്കല്‍

സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്ന മലയാളികൾ വളരെ സാധാരണമാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിന്റെ ദൂഷ്യവശങ്ങളെ പോസിറ്റീവ് ആക്കി മാറ്റി അഭിരമിക്കുന്ന മലയാളികൾ മാത്രമാണ് നമുക്ക് ചുറ്റുമുള്ളത്. മണിക്കൂറുകളോളം വിമാനത്തിൽ യാത്ര ചെയ്ത് വന്നു എതോ രാജ്യത്തെ മഞ്ഞിൽ തെങ്ങു കിളിപ്പിച്ചു അതിന്റെ വളർച്ചയിൽ സംസ്കാരത്തെ ഉയർത്തി പിടിച്ചു ജീവിക്കുന്ന ഞാനുൾപ്പെടുന്ന നമ്മളെല്ലാവരും മനസ്സിലാക്കി വെച്ചിരിക്കുന്ന കൾച്ചറൽ മാനദണ്ഡങ്ങൾ ഏറെക്കുറെ വ്യത്യസ്തമാണ് .പക്ഷെ നിർഭാഗ്യവശാൽ അവയെല്ലാം സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു അഥവാ അതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നുള്ളതാണ് .

ചുറ്റും നോക്കിയാൽ പല സ്ത്രീകളും ഇതിനോടൊന്നും പ്രതികരണമില്ലാതെ അവനവന്റെ ജീവിതം ജീവിച്ചു തീർക്കുന്നവരാണ് .എന്നിരുന്നാലും ഇത്തരത്തിലുള്ള ആളുകൾ ഇപ്പോഴും നില നിൽക്കുന്നു എന്നുള്ളത് വിഷമകരമായ വസ്തുതയാണ്.നാലോ അഞ്ചോ ആളുകൾ ചേർന്ന് ഒന്നോ രണ്ടോ പെഗ്ഗിന്റെ വട്ടത്തിൽ ഒന്നിച്ചു കൂടി മറ്റുള്ളവരുടെ അടുക്കളയിലേയ്ക്ക് ബൈനോക്കുലർ നീട്ടി വെച്ച് വാർത്തകൾ പടച്ചു വിടുന്നു കേൾക്കുന്നവർ അതേറ്റു പാടുന്നു .മലയാളി എവിടെയാണ് മാറിയത് ?മലയാളികൾ എന്ത് കൊണ്ട് അന്താരാഷ്ട്ര പൗരന്മാർ ആകുന്നില്ല എന്നതിന് സംസ്ക്കാരത്തെ എത്ര നാൾ നമ്മൾ കുറ്റം പറയും അത് നമ്മുടെ സംസ്ക്കാര ശൂന്യതയാണെന്നു എന്നാണ് നമ്മൾ തിരിച്ചറിയുക ………

ന്യൂ നോർമൽ കുട്ടികളുടെ അടുക്കൽ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നു തിരിച്ചറിയാനാകാതെ അവിടെയും ഒരു ചാര് കസേര വലിച്ചു നീട്ടി ഇട്ടു നമ്മൾ കേശവൻ മാമന്മാരാകുന്നു .ഇപ്പോൾ ജീവിച്ചിരിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് ഇത് എഴുതി പിടിപ്പിക്കുമ്പോൾ കൂടുതൽ അപഹാസ്യരാകുന്നത് നമ്മുടെ മനസാക്ഷി തന്നെയാണ് .

സമൂഹത്തിൽ ഒരു സ്ത്രീ ഒറ്റക്ക് ജീവിച്ചാലോ ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചാലോ പ്രണയിച്ചാലോ പ്രസവിച്ചാലോ ഡിവോഴ്സ് ചെയ്താലോ യാത്ര ചെയ്താലോ ഇതൊന്നും വേറെ ഒരാളെയും ബാധിക്കേണ്ട കാര്യമില്ല .പൊതുവെ സമൂഹജീവികളാണ് മനുഷ്യരെങ്കിലും ഓരോ വ്യക്തിയും ഓരോ ലോകങ്ങളാണ് .അവിടെ പ്രാചീന രീതിയിൽ നാട്ടു കൂട്ടം കൂടുന്ന വിഭാഗം എന്താണ് അർത്ഥമാക്കുന്നത് അതിൽ നിന്ന് കിട്ടുന്ന സുഖ ലോലുപത വിദ്യാഭ്യാസത്തിന്റെ നിങ്ങൾ എല്ലാവരും പറയുന്ന സംസ്കാരത്തിന്റെ അപചയം മാത്രമാണ്.

ഒരമ്മയും ഒരച്ഛനും 2 മക്കളും രണ്ടു മക്കളും എന്ന ചട്ടക്കൂട് കുടുംബത്തിൽ നിന്നൊക്കെ മലയാളി മുന്നോട്ടു പോയിട്ട് വർഷങ്ങൾ ഏറെയായി .അത് മനസ്സിലാകാതെ പോകുന്നതാണ് പലർക്കും പറ്റുന്ന അബദ്ധം .ഒരാൾ ഭർത്താവിന്റെ കൂടെ താമസിക്കുന്നതോ പിരിഞ്ഞു താമസിക്കുന്നതോ ഒന്നും ഒന്നും തന്നെ ആരെയും ബാധിക്കണ്ട കാര്യമില്ല .സ്പോർട്സ് ബ്രാ ധരിച്ചു വ്യായാമം ചെയ്യുന്ന യുവതിയെ സദാചാരം പഠിപ്പിച്ചു മലയാളി നാട്ടിൽ പ്രബുദ്ധത തെളിയിച്ചു കഴിഞ്ഞു .അത്രത്തോളം നമ്മളെ പോലുള്ള അന്താരാഷ്ട്ര പൗരന്മാർ താഴാതിരിക്കാൻ നമുക്കും ശ്രമിക്കാം .ഒരാളോട് ഒരു തവണ എങ്കിലും സംസാരിച്ചതിന് ശേഷമെങ്കിലും അവരെക്കുറിച്ചു നല്ലതോ മോശമോ പറയുന്നതല്ലേ അതിന്റെ ഒരിത്.
നിങ്ങൾ വിതയ്ക്കുന്ന കാറ്റ് കൊടുങ്കാറ്റായി നിങ്ങള്‍ക്ക് മേൽ പതിക്കാതിരിക്കട്ടെ ..

Share this news

Leave a Reply

%d bloggers like this: