ഡബ്ലിനിലെ North Strand റോഡിൽ ഫെയർവ്യൂ മുതൽ Five Lamps വരെ സ്വകാര്യ വാഹനങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഡബ്ലിനിലെ North Strand Road ല്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം. ഫെയര്‍ വ്യൂ മുതല്‍ Five Lamps വരെയുള്ള റോഡ് വഴി സ്വകാര്യ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തുക. തിങ്കളാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം ആദ്യം വരെ തുടരും. Clontarf to city centre റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് റോഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

North Strand റോഡ് വഴി നഗരത്തിലേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ Ballybough Road വഴി തിരിച്ചുവിടും. ഇതുവഴി തിരിച്ചു വിടുന്ന വാഹനങ്ങള്‍ക്ക് നേരിട്ട് സമ്മര്‍ ഹില്ലിലേക്കോ, Portland Row വഴി Five Lamps ലേക്കോ പ്രവേശിക്കാന്‍ കഴിയും.

അതേസമയം North Strand റോഡ് വഴി നഗരത്തിലേക്കുള്ള ബസ്സ് സര്‍വ്വീസുകള്‍, ടാക്സികള്‍, സൈക്കിളുകള്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാവില്ല. North Strand റോഡിലൂടെ നഗരത്തിന് പുറത്തേക്കുള്ള ഗതാഗതം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കും. സ്വകാര്യ കാറുകള്‍ അടക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും ഇതുവഴി പുറത്തേക്ക് കടക്കാന്‍ കഴിയും.

നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ ഈ ഏരിയയിലൂടെയുള്ള യാത്രാ സമയം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ സൈക്കിള്‍, ഡബ്ലിന്‍ ബസ്, DART, ട്രെയിന്‍, കാല്‍നടയാത്ര തുടങ്ങിയ യാത്രാ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗതം നിയന്ത്രണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് പൂര്‍ണ്ണമായി എത്തിക്കുന്നതിനായി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ക്യാംപെയിനുകള്‍ നടത്തുമെന്ന് ‍ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.

comments

Share this news

Leave a Reply

%d bloggers like this: