ബലിയർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം ; പ്രാർത്ഥനയിൽ ഒരുങ്ങി മലങ്കര ഓർത്തഡോക്സ് സഭാ സമൂഹം

പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമായ അയര്‍ലന്‍ഡിലെ  ക്‌നോക്ക് ബസിലിക്കയില്‍ ബലിയര്‍പ്പണത്തിനൊരുങ്ങി അയര്‍ലന്‍ഡിലെയും ഇന്ത്യയിലെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സമൂഹം. ഈ മാസം ഒന്‍പതിന്(09-08-2022) അയര്‍ലന്‍ഡ് സമയം ഉച്ചകഴിഞ്ഞ് നാലു മുതല്‍ ഏഴു വരെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വചനശുശ്രൂഷയും നടക്കുക. കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവക വികാരി ഫാ.മാത്യു കെ.മാത്യുവിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്.

ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്‌നോക്കില്‍ എത്തിച്ചേരുന്ന വിശ്വാസ സംഘം ക്‌നോക്ക് ബസിലിക്ക മ്യൂസിയം സന്ദര്‍ശിക്കും. 4.15ന് സന്ധ്യാ, സൂത്താറാ നമസ്‌കാരം. 4.45ന് വിശുദ്ധ കുര്‍ബ്ബാന. മുഖ്യകാര്‍മികന്‍ ഫാ.മാത്യു കെ.മാത്യു. ആറിന് ഫാ.നൈനാന്‍ പി.കുറിയാക്കോസ് വചന സന്ദേശം നല്‍കും. 6.15ന് ആശീര്‍വാദം. ഹാര്‍മണി ക്വയറിന്റെ സാന്നിധ്യവും വിശുദ്ധ കുര്‍ബാനയ്ക്കുണ്ടാകും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആദ്യമായാണ് ക്‌നോക്ക് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിന് അവസരം ലഭിക്കുന്നത്.

റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ഒത്തുചേരുന്ന ഏറ്റവും വലിയ ശുശ്രൂഷയായി ഇത് മാറും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അയര്‍ലന്‍ഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരല്‍ കൂടിയാകും ഈ ചടങ്ങുകള്‍. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 10 ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക്ലഭിക്കുന്ന അനുഗ്രഹത്തിന്റെ നിമിഷങ്ങളായാണ് ഈ അവസരത്തെ കാണുന്നതെന്ന് കോര്‍ക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവക വികാരി ഫാ.മാത്യു കെ.മാത്യു പറഞ്ഞു. ഒന്‍പതിനു നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും വചനശുശ്രൂഷയ്ക്കും എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനയും അദ്ദേഹം അഭ്യര്‍ഥിച്ചു.

പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താല്‍ പ്രസിദ്ധമാണ് ക്‌നോക്. 1879 ഓഗസ്റ്റ് 21ലെ ഈ പ്രത്യക്ഷീകരണത്തിലൂടെയാണ് ക്‌നോക്ക് ദേവാലയം ലോകശ്രദ്ധയിലേക്കെത്തിയത്. സ്വര്‍ഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതുപോലെ അസംഖ്യം മാലാഖമാരുടെ അകമ്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുകയും ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. എങ്കിലും വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ 15 പേരുടെ ഔദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥീരികരണത്തിന് വത്തിക്കാന്‍ തെളിവായി സ്വീകരിച്ചത്. അന്ന് പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് ക്‌നോക്ക് തീര്‍ഥാടന കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. ഇവിടേക്ക് പതിനായിരക്കണക്കിനു വിശ്വാസികളാണ് ഓരോ വര്‍ഷവും എത്തുന്നത്. 

മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പല രാജ്യങ്ങളില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്‌നോക്കിനെ സവിശേഷമാക്കുന്നത്. ബലിപീഠത്തിനു മുകളിലും കുരിശിനു മുമ്പിലും പെസഹാ കുഞ്ഞാട് പ്രത്യക്ഷപ്പെട്ടതിനാല്‍ ക്‌നോക്കിലെ പ്രത്യക്ഷീകരണത്തില്‍ ദിവ്യകാരുണ്യ സന്ദേശവും ഉള്‍പ്പെടുന്നു. 2021ല്‍ ആണ് അയര്‍ലണ്ടിലെ പ്രസിദ്ധമായ ക്‌നോക്ക് തീര്‍ഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീര്‍ഥാടക കേന്ദ്ര പദവിയിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.

Share this news

Leave a Reply

%d bloggers like this: