സ്റ്റുഡന്റ് അക്കമഡേഷൻ സെന്ററുകൾ ഒഴിഞ്ഞുകൊടുക്കാൻ മൂവായിരത്തോളം ഉക്രൈൻ അഭയാർത്ഥികളോട് നിർദ്ദേശിച്ച് അയർലൻഡ് സർക്കാർ

സ്റ്റുഡന്റ് അക്കമഡേഷന്‍ സെന്ററുകളില്‍ കഴിയുന്ന മൂവായിരത്തോളം ഉക്രൈന്‍ അഭയാര്‍ഥികള്‍ ഈ മാസം അവസാനത്തോടെ താമസസ്ഥലങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശിച്ച് അയര്‍ലന്‍ഡ് സര്‍ക്കാര്‍. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താമസസ്ഥലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് Children, Equality, Disability, Integration and Youth മിനിസ്ട്രി കഴിഞ്ഞ ദിവസം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഒഴിയാനായി ആവശ്യപ്പെട്ടെങ്കിലും പകരം താമസസ്ഥലം സംബന്ധിച്ച് അനേകം കുടുംബങ്ങള്‍ക്ക് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. നിലവില്‍ 4270 ഉക്രൈന്‍ സ്വദേശികളാണ് beneficiaries of temporary protection (BOTP) പ്രകാരം സ്റ്റുഡന്റ് അക്കമഡേഷന്‍ സെന്ററുകളില്‍ കഴിയുന്നത്.

അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ചകുൊണ്ട് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തുവന്നത്. നിരന്തരം താമസം മാറേണ്ടി വരുന്നത് കൂട്ടത്തിലെ കുട്ടികളില്‍ മാനസികമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് The Children’s Rights Alliance പ്രതികരിച്ചു.

ഈ വിഷയം മുന്നില്‍ക്കണ്ട് രാജ്യത്തെ കായിക സമിതികളുമായി സഹകരിച്ചുകൊണ്ട് സ്റ്റേഡിയങ്ങളിലടക്കം ഉക്രൈന്‍ അഭയാര്‍ഥികള്‍ക്ക് താത്കാലിക അഭയസ്ഥാനങ്ങളൊരുക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. കായിക സമിതികളില്‍ നിന്നും അനുഭാവപൂര്‍വ്വമായ മറുപടിയായിരുന്നു ഇതിന് ലഭിച്ചത്. ഉക്രൈനില്‍ നിന്നും അഭയം തേടിയെത്തുന്നവര്‍ക്കായി മോഡുലാര്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണനിയിലാണ്.

Share this news

Leave a Reply

%d bloggers like this: