An Post ന്റെ പേരിൽ SMS തട്ടിപ്പ്; ജനങ്ങൾ വഞ്ചിതരാവരുതെന്ന മുന്നറിയിപ്പുമായി അധികൃതർ

അയര്‍ലന്‍ഡിലെ സര്‍ക്കാര്‍ പോസ്റ്റല്‍ സര്‍വ്വീസ് സ്ഥാപനമായ An Post ന്റെ പേരില്‍ SMS തട്ടിപ്പ്. An Post ല്‍ നിന്നാണെന്ന വ്യാജേന ടെക്സ്റ്റ് മെസേജുകള്‍ അയക്കുകയും, ഇതുവഴി ആളുകളുടെ ക്രെഡിറ്റ് കാര്‍ഡ്-ഡെബിറ്റ് കാര്‍ഡ്- ബാങ്ക് വിവരങ്ങള്‍ എന്നിവ കൈക്കലാക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി.

ഡെലിവറി ചാര്‍ജ്ജ് വകയില്‍ ഒരു നിശ്ചിത തുക An Post ലേക്ക് അടയ്ക്കാനുണ്ടെന്നും, തന്നിരിക്കുന്ന ലിങ്കില്‍ പൈസ അടയ്ക്കണമെന്നുമാണ് മെസേജിലെ ഉള്ളടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ An Post ന്റേതിന് സമാനമായ ഒരു വെബ്സൈറ്റിലേക്ക് കടക്കുകയും, ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും. സംശയം തോന്നാതിരിക്കാന്‍ 1.90 യൂറോ, 1.95 യൂറോ എന്നിങ്ങനെയുള്ള ചെറിയ തുകകളാണ് മെസേജില്‍ സൂചിപ്പിക്കുക.

083, 086 , 087 എന്നിവയില്‍ ആരംഭിക്കുന്ന ഐറിഷ് നമ്പറുകളില്‍ നിന്നാണ് ചിലര്‍ക്ക് മെസേജ് വന്നിരിക്കുന്നത്. ചില സമയങ്ങളില്‍ An Post എന്ന പേരില്‍ തന്നെയും മെസേജുകള്‍ ലഭിക്കുന്നു. An Post ന്റെ ലോഗോയടക്കം ചില മെസേജുകളില്‍ ഉണ്ടായിട്ടുണ്ട്.

അതേസമയം തട്ടിപ്പ് നടക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയതായി An Post വക്താവ് കഴിഞ്ഞ ദിവസം‍ പറഞ്ഞു. ഡെലിവറി ഫീസ് അടയ്ക്കുന്നതിനായോ, മറ്റ് വ്യക്തിഗത-ബാങ്കിങ് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടോ An Post യാതൊരു വിധ മെസേജുകളും ഉപഭോക്താക്കള്‍ക്ക് അയക്കില്ല എന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് An Post അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച പ്രായമായവരെയും,കുടുംബങ്ങളിലെ മറ്റുള്ളവരെയും, സുഹൃത്തുക്കളെയും ബോധവത്കരിക്കാന്‍ ജനങ്ങള്‍ ശ്രമിക്കണമെന്ന് ഗാര്‍ഡ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇത്തരത്തില്‍ ആരെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതത് ബാങ്കുകളില്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗാര്‍ഡ വക്താവ് നിര്‍ദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: