അയർലൻഡിലെ ആശുപത്രികൾക്ക് വെല്ലുവിളിയുയർത്തി Long Covid ലക്ഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു

കോവിഡ് വിട്ടുമാറിയതിനു പിന്നാലെ മറ്റുപല ശാരീരിക ബുദ്ധിമുട്ടുകളും വിടാതെ പിന്തുടരുന്നതായി പലരും അഭിപ്രായപ്പെട്ടതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും, ദീർഘകാല (Long Covid) കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. ഇത്തരത്തിൽ വിട്ടുമാറാത്ത കോവിഡ് ലക്ഷണങ്ങളുമായി അയർലൻഡിലെ ആശുപത്രികളിൽ എത്തുന്നത് നൂറുകണക്കിന് രോഗികളെന്ന് റിപ്പോർട്ട്.

ഒരിക്കൽ കോവിഡ് പോസിറ്റീവ് ആയിരുന്ന 20% ആളുകൾക്കും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്ന വിവിധ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രസ്തുത റിപ്പോർട്ട് വ്യക്തമാക്കുന്നത്. ലോംഗ് കോവിഡുമായി ബന്ധപ്പെട്ട 200-ലധികം ലക്ഷണങ്ങൾ ഇതിനകം ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്.

അമിത ക്ഷീണവും തലവേദനയുമാണ് ദീർഘകാല കോവിഡിന്റെ പ്രധാന ലക്ഷണങ്ങളെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന സ്ക്ലീറോസിസ്, സന്ധികളെ ബാധിക്കുന്ന റുമാറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ രോ​ഗങ്ങൾ ഉള്ളവരിൽ ക്ഷീണവും മറ്റും പ്രധാന ദീർഘകാല കോവിഡ് ലക്ഷണങ്ങളിലൊന്നായി അനുഭവസ്ഥർ പങ്കുവെച്ചു.

ശ്വസിക്കാൻ ബുദ്ധിമുട്ട്, പേശികൾക്ക് വേദന, ഇടയ്ക്ക് രുചിയോ മണമോ നഷ്ടപ്പെടൽ, കൈകൾക്കും കാലുകൾക്കും ഭാരം തോന്നുക, എപ്പോഴും ക്ഷീണം എന്നിവയാണ് പലരിലും കണ്ടെത്തിയ പ്രധാന ലക്ഷണങ്ങൾ. അണുബാധയ്ക്ക് മൂന്ന് മാസത്തിന് ശേഷം ഈ ലക്ഷണങ്ങളുടെ തീവ്രത കൂടുതൽ കുറഞ്ഞതായി അനുഭവസ്ഥർ സൂചിപ്പിച്ചു.

ആശുപത്രിയിലെത്തുന്ന 90% ലോങ്ങ് കോവിഡ് രോഗികൾക്കും വിട്ടുമാറാത്ത ക്ഷീണമാണ് പ്രധാന ലക്ഷണവും പരാതിയുമെന്ന് ലോങ്ങ് കോവിഡ് രോഗികളെ ചികില്സിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാർ പറയുന്നു.

ലോങ്ങ് കോവിഡ് രോഗികളുടെ വർധന കാരണം മികച്ച സേവനം നൽകാൻ നിലവിലുള്ള ക്ലിനിക്കുകൾ വിപുലീകരിക്കുന്നതിന് ആശുപത്രികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് HSE പറഞ്ഞു.ഇത്തരം ക്ലിനിക്കുകൾക്ക് ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരയെയും നൽകുമെന്ന് HSE അറിയിച്ചു. ഇതിനായി റിക്രൂട്ട്‌മെന്റ് ആരംഭിച്ചുവെന്നും HSE കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: