തെന്നിന്ത്യയിൽ കുടവയറുള്ള വിജയ് സേതുപതിയും, കഷണ്ടിയുള്ള ഫഹദും സാധാരണക്കാരുടെ പ്രതീകമാവുമ്പോൾ സ്റ്റാർഡം വിട്ടൊഴിയാനാവാതെ ബോളിവുഡ് താരങ്ങൾ – സൗമ്യ രാജേന്ദ്രന്റെ നിരീക്ഷണം

ബോളിവുഡ്-സൗത്ത് സിനിമാ തര്‍ക്കങ്ങള്‍ സജീവമായ ഈയവസരത്തില്‍ ശ്രദ്ധേയമാവുകയാണ് എഴുത്തുകാരി സൗമ്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയ Cinema of the ordinary എന്ന കുറിപ്പ്. സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നും ബോളിവുഡ് സിനിമ ഏറെ അകന്നു നില്‍ക്കുകയാണെന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരി തെന്നിന്ത്യന്‍ താരങ്ങള്‍ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ട് സാധാരണ മനുഷ്യ ജീവിതവുമായി ഏറെ അടുത്തുനില്‍ക്കുന്നതായി പറയുന്നു.

ബോളിവുഡ് താരങ്ങള്‍ പഞ്ച് ഡയലോഗുകള്‍ പറഞ്ഞും, എതിരാളികളെ ഇടിച്ചിട്ടും സ്ക്രീനില്‍ അമാനുഷികത കാണിക്കുമ്പോള്‍ സാധാരണക്കാരനെന്നും, നമ്മളിലൊരാളെന്നും തോന്നിക്കുന്ന രീതിയിലാണ് തെന്നിന്ത്യന്‍ താരങ്ങളുടെ പ്രകടനം. കുടവയറുള്ള വിജയ് സേതുപതിയും, കഷണ്ടിയുള്ള ഫഹദും, നരച്ച തലമുടിയുള്ള അജിത്തും, തെരുവിലെ കഥാപാത്രം മുതല്‍ സി‍.ഇ.ഒ വരെയുള്ള കഥാപാത്രങ്ങളായി മാറാന്‍ കഴിയുന്ന ധനുഷ് അടക്കുമുള്ള -സാധാരണത്വം കൈവിടാത്ത താരങ്ങളാണ് തെന്നിന്ത്യയിലെന്നും സൗമ്യ രാജേന്ദ്രന്‍ നിരീക്ഷിക്കുന്നു.

സമൂഹത്തില്‍ എവിടെയും കാണാവുന്ന വനിതകളുടെ പ്രതീകമാണ് സൗത്ത് ഇന്ത്യന്‍ വനിതാ താരങ്ങളെന്ന് എഴുത്തുകാരി പറയുന്നു. ഗാര്‍ഗിയിലെ സായി പല്ലവിയെയും, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നിമിഷ സജയനെയും, ഐശ്വര്യാ രാജേഷ്, നിത്യാ മേനോന്‍, അമല പോള്‍, അനുഷ്ക ഷെട്ടി, ഐശ്വര്യ ലക്ഷ്മി, രജിഷ വിജയന്‍, തൃഷ, പാര്‍വ്വതി എന്നിവരെയും എടുത്തുപറഞ്ഞു പറഞ്ഞുകൊണ്ടായിരുന്നു സൗമ്യ രാജേന്ദ്രന്റെ നിരീക്ഷണം. ബോളിവുഡിലാവട്ടെ ഷെഫാലി ഷാ, രാധിക ആപ്തേ, വിദ്യാബാലന്‍ തുടങ്ങിയ ഏതാനും താരങ്ങളൊഴികെ ആര്‍ക്കും സാധാരണക്കാരനുമായി അടുക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബോളിവുഡ് സിനിമകള്‍ക്ക് മുകളിലാണ് തെന്നിന്ത്യന്‍ സിനിമകള്‍ എന്ന് സ്ഥാപിക്കാനല്ല തന്റെ വാദങ്ങള്‍ എന്ന് പ്രത്യേകം പറഞ്ഞുവയ്ക്കുന്ന എഴുത്തുകാരി സാധാരണക്കാരനുമായി ചേര്‍ന്നു നില്‍ക്കുന്ന സിനിമകളോടുള്ള തന്റെ ഇഷ്ടവും പ്രകടിപ്പിക്കുകയാണ് ഈ കുറിപ്പിലൂടെ.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യുക

കടപ്പാട്: സൗമ്യ രാജേന്ദ്രന്‍

Share this news

Leave a Reply

%d bloggers like this: