അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധന; ചർച്ചകൾ അടുത്തയാഴ്ച പുനരാരംഭിക്കും

അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധനയിൽ തീരുമാനമെടുക്കാൻ യൂണിയൻ പ്രതിനിധികളും , സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്.

Workplace Relations Commission ഓഫീസിൽ വച്ചാവും ചർച്ചകൾ നടക്കുക. ഉയർന്ന പണപ്പെരുപ്പം കാരണം വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിലാണ് പൊതുമേഖലാ ജീവനക്കാരുടെ യൂണിയൻ സർക്കാരുമായി ചർച്ച നടത്തിയത്. ഇതേത്തുടർന്ന് രണ്ടുവർഷത്തിനുള്ളിൽ 5% ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തു, എന്നാൽ നിലവിലെ ജീവിത ചെലവ് വർധനവിന്റെ പശ്ചാത്തലത്തിൽ 5% ശമ്പള വർദ്ധനവ് വളരെ കുറവാണെന്നും പറഞ്ഞ് യൂണിയനുകളും സ്റ്റാഫ് അസോസിയേഷനുകളും ഈ വാഗ്ദാനം നിരസിക്കുകയും ജൂണിലെ ചർച്ചകൾ ധാരണയില്ലാതെ അവസാനിക്കുകയും ചെയ്തു.

ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചർച്ചകൾ പുനരാരംഭിക്കുമ്പോഴും മെച്ചപ്പെട്ട ശമ്പള വർദ്ധനവ് ആവശ്യമാണെന്ന നിലപാട് യൂണിയനുകൾ ആവർത്തിച്ചിട്ടുണ്ട്.

ഗവൺമെന്റിൽ നിന്ന് സ്വീകാര്യമായ ശമ്പള വർധന ഉണ്ടായില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് Irish Nurses and Midwives Organisation (INMO) ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

ശമ്പള വർധനയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുമ്പോൾ മെച്ചപ്പെട്ട വാഗ്ദാനം മുന്നോട്ട് വെക്കുമെന്ന് കഴിഞ്ഞ ആഴ്ച Public Expenditure and Reform മന്ത്രി Michael McGrath സൂചിപ്പിച്ചത് യുണിയനുകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ധാരണയിലെത്താൻ ചർച്ചകളിൽ ഇരുപക്ഷവും ക്രിയാത്മകമായി ഇടപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: