പക്ഷിപ്പനി പടരുന്നു ; ചത്തതും , രോഗലക്ഷണങ്ങൾ ഉള്ളതുമായ പക്ഷികളെ തൊടരുതെന്ന് നിർദ്ദേശം

അയര്‍ലന്‍ഡില്‍ വിവിധയിടങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍. വിവിധയിടങ്ങളിലായി അറുപതോളം പക്ഷികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. Department of Agriculture, Food and the Marine, HSE Public Health Department എന്നിവര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ചത്തുവീണതോ, അസുഖബാധിതരോ ആയ പക്ഷികളെ തൊടരുത്, പക്ഷികള്‍ ചത്തുവീണത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക, വളര്‍ത്തുമൃഗങ്ങളെ പക്ഷികളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും പുറപ്പെടുവിച്ചിട്ടുള്ളത്.

പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് (H5N1) ഇതിന് കാരണമാവുന്നത്. രോഗബാധിതമേഖലകളില്‍ പക്ഷികള്‍ കൂട്ടത്തോടെ ചാവുന്നതായാണ് കാണാന്‍ കഴിയുക. ഡബ്ലിന്‍ ബീച്ച്, Wexford കൌണ്ടി, അയര്‍ലന്‍ഡിന്റെ കിഴക്ക്, തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പക്ഷികള്‍ ചത്തുവീണതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിവേഗത്തില്‍ പടരുന്ന ഈ വൈറസ് സാധാരണയായി പക്ഷികളില്‍ മാത്രം പടരുന്നവയാണെങ്കിലും, അപൂര്‍വ്വമായി മനുഷ്യരിലും പടരാറുണ്ട്.

കാട്ടുപക്ഷികളില്‍ നിന്നും, ദേശാനടക്കിളികളില്‍ നിന്നും രോഗം വളര്‍ത്തുപക്ഷികളിലേക്കും, ഫാമുകളിലേക്കും പടരാതിരിക്കാന്‍ പ്രത്യേകം ബയോസെക്യൂരിറ്റി മാനദണ്ഢങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫാമുകളിലെ പക്ഷികളില്‍ രോഗലക്ഷണം പ്രകടമാക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പക്ഷികള്‍ ചത്തുകിടക്കുന്നതായോ, അസുഖബാധിതരായോ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ റീജിയണല്‍ വെറ്റിനറി ഓഫീസിലോ Department of Agriculture, Food and the Marine ലോ (01 492 8026) വിവരമറിയിക്കേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: