കൊച്ചി: വിജിലന്‍സ് സിബിഐ മാതൃകയില്‍ സ്വതന്ത്ര സ്ഥാപനമാക്കണമെന്ന് ഹൈക്കോടതി. വിജിലന്‍സ് സംവിധാനം ഉടച്ച് വാര്‍ക്കേണ്ട കാലം കഴിഞ്ഞു. വിജിലന്‍സിന്റെ ഉത്ഭവവും നിയമപരമായ നിലനില്‍പും പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സിനെ പരിഷ്‌ക്കരിക്കാന്‍ ഹൈക്കോടതി രണ്ടംഗ അമിക്കസ്‌ക്യൂറിയ്ക്ക് രൂപം നല്‍കി. മുതിര്‍ന്ന അഭിഭാഷകരായ കെ ജയകുമാര്‍, പിബി കൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍.
ബാര്‍ കോഴകേസ്, മലബാര്‍ സിമന്റ്‌സ് കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടെന്ന വിജിലന്‍സ് നിലപാടെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി വിമര്‍ശനം. സംസ്ഥാനത്തെ അന്വേഷണ സംവിധാനത്തെയും കോടതി വിമര്‍ശിച്ചു. ഇത്തരം അന്വേഷണങ്ങളില്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല. പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും കോടതി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ ഏജന്‍സിയുടെ ഘടനയും രൂപവും വ്യക്തമാക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നാഴ്ച്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ച്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് അഡ്വക്കറ്റ് ജനറലാണ് ഹൈക്കോടതിയില്‍ അറിയിച്ചു.
-എജെ-