ന്യൂഡല്‍ഹി: ലോകം ഇന്നു രാജ്യാന്തര യോഗാദിനം ആചരിക്കുന്നു. ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ രാവിലെ ആറിനു ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നല്‍കി. വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അടക്കം 44,000 പേരാണ് രാജ്പഥില്‍ യോഗ ചെയ്യാനെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
യോഗാദിനാചാരണം പുതുയുഗത്തിന്റെ തുടക്കമെന്ന് നരേന്ദ്രമോഡി പറഞ്ഞു. സമാധാനത്തിന്റെ പുതുയുഗത്തിനായി നാം മനുഷ്യമനസ്സിനെ പരിശീലിപ്പിക്കണം. രാജ്പഥ് യോഗ്പഥ് ആകുമെന്ന് ആരും കരുതിയിരുന്നില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. രാജ് പഥില്‍ 40,000ത്തിലധികം പേര്‍ പങ്കെടുത്ത യോഗാഭ്യാസ പ്രകടനം ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷ.
ഇത്രയുമധികം ആളുകള്‍ യോഗയില്‍ ഒരുമിച്ചു പങ്കെടുക്കുന്നതു ചരിത്രത്തിലാദ്യമാണ്. അതിനാല്‍ത്തന്നെ റിപ്പബ്ലിക് ദിനത്തിനു നല്‍കുന്ന സുരക്ഷയിലും പ്രധാന്യത്തിലുമാണു രാജ്യതലസ്ഥാനത്തെ യോഗാദിനം ആചരിച്ചത്. യോഗാ ദിനാചരണത്തിന്റെ പ്രധാനവേദിക്കു ചുറ്റിനുമായി സൈനികര്‍, എന്‍എസ്ജി തുടങ്ങി ഏഴായിരം പേരടങ്ങുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ രാജ്പഥ് കനത്ത സുരക്ഷാ വലയത്തിലാണ്. ആഴ്ച്ചകളായി ഗതാഗത നിയന്ത്രണത്തിലാണ് രാജ്പഥ് പരിസരം. നിരീക്ഷണത്തിന് സിസിടിവി ക്യമാറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വ്യോമ മാര്‍ഗം ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയിട്ടുള്ളതിനാല്‍ ഡ്രോണുകള്‍, ബലൂണുകള്‍, പട്ടങ്ങള്‍, ഗ്ലൈഡര്‍ എന്നിവയടക്കമുള്ള പറക്കുന്ന വസ്തുക്കളുടെ ഉപയോഗം ഡല്‍ഹി പൊലീസ് നിരോധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പൊതു സംപ്രേക്ഷകരായ ദൂരദര്‍ശനടക്കം അതീവ പ്രാധാന്യത്തോടെയാണു യോഗാദിനത്തിലെ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തത്. പ്രധാനവേദിയിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ദൂരദര്‍ശന്റേതായി മാത്രം 18 കാമറകളാണു സജ്ജമാക്കിയിരുന്നത്. ഇതിനു പുറമേ മറ്റ് 24 കാമറകള്‍ കൂടി പ്രധാനവേദിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സജ്ജീകരിച്ചിരുന്നു. യോഗാദിനാചാരണത്തിന്റെ ഭാഗമായി രണ്ട് ദിന യോഗാ കോണ്‍ഫറന്‍സ് ഡല്‍ഹിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
-എജെ-