ഡബ്ലിന്‍: നിയമവിരുദ്ധ കുടിയേറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡ്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിയമവിരുദ്ധ കുടിയേറ്റം വര്‍ധിച്ചതായി മന്ത്രി പാര്‍ലമന്റില്‍ വ്യക്തമാക്കി. ഇത് കൂടാനാണ് സാധ്യതയെന്നും സൂചിപ്പിക്കുന്നു. യുകെ വഴിയുള്ള കുടിയേറ്റം കൂടിയിരിക്കുകയാണെന്നാണ് പ്രധാനമായും ചൂണ്ടികാണിക്കുന്നത്. ഇമിഗ്രേഷന്‍ സര്‍വീസിനെ ഇത് സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഭൂരിഭാഗം അനധികൃക കുടിയേറ്റക്കാരും പുരുഷന്മാരാണെന്ന് ഫിറ്റ്സ് ജെറാള്‍ഡ് പറയുന്നു.
ബ്രിട്ടന് വഴിയും വടക്കന്‍ അയര്‍ലന്‍ഡ് വഴിയുമാണ് അയര്‍ലന്‍ഡിലേക്ക് കുടിയേറുന്നത്. ഒരു മാസ കാലാവധിയില്‍ എഴുന്നൂറിലേറെ അനധികൃത കുടിയേറ്റമാണ് നടന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ അനധികൃത കുടിയേറ്റത്തിന്റെ നിരക്ക് കൂടുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സര്‍ക്കാര്‍ വിഷയത്തെ ആശങ്കയോടെയാണ് ശ്രദ്ധിക്കുന്നത്. അഭയാര്‍ത്ഥി പദവി ലഭിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. അടുത്ത ആഴ്ച്ച അഭയാര്‍ത്ഥി പദവി നല്‍കുന്നതിനുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫിറ്റ് ജെറാള്‍ഡും സഹമന്ത്രി Aodhán Ó Ríordáinഉം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സാമ്പത്തികമായി തിരിച്ച് വരവ് പ്രകടമാക്കുന്നത് രാജ്യത്തെ കുടിയേറ്റക്കാരുടെ കേന്ദ്രമാക്കി മാറ്റുമെന്ന സംശയം സര്‍ക്കാരിനുണ്ട്. പ്രശ്നം മന്ത്രിമാര്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ അനധികൃത കുടിയേറ്റക്കാരെ മീത്തിലെ Mosney കോര്‍ക്കിലെ മറ്റൊരു കേന്ദ്രം എന്നിവടങ്ങളിലായി താമസിപ്പിക്കാനാണ് സാധ്യത. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അനധികൃത കുടിയേറ്റവും.