മെല്‍ബണ്‍: വീട്ടിലെ കുശിനിക്കാരനെ ഭാര്യ തല്ലിയതിനെ തുടര്‍ന്ന് ന്യൂസിലന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറെ ഇന്ത്യ തിരിച്ചു വിളിച്ചു. രവി ഥാപ്പറുടെ ഭാര്യ ഷര്മിളയ്ക്കെതിരെയാണ് ആരോപണം, അതേസമയം, ഷര്‍മിള ജീവനക്കാരനെ ആക്രമിച്ചെന്ന വാര്‍ത്ത ഥാപ്പര്‍ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷര്‍മിളയും തയ്യാറായില്ല.
മേയിലായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനത്തിനിരയായ ജോലിക്കാരന് സംഭവദിവസം രാത്രി തന്നെ ഥാപ്പറിന്റെ വീട്ടില്‍ നിന്നും 20 കിലോമീറ്ററോളം നടന്ന് വെല്ലിംഗ്ടണില്‍ എത്തിയിരുന്നു. ക്ഷീണിച്ച് അവശനിലയില്‍ കണ്ട ജോലിക്കാരനെ സമീപവാസികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അയാളെ വെല്ലിംഗ്ടണിലെ നൈറ്റ് ഷെല്‍ട്ടറില്‍ മാറ്റിപ്പാര്‍പ്പിച്ചു.
ഷര്‍മിള തന്നെ അടിമയാക്കി പീഡിപ്പിക്കുമായിരുന്നെന്നും ശാരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ജോലിക്കാരന് പൊലീസിനോടു പറഞ്ഞു. കേസുമായി മുന്നോട്ട് പോകാന്‍ തനിക്ക് താല്പര്യമില്ലെന്നും താന്‍ തന്റെ വീട്ടില്‍ സന്തുഷ്ടനാണെന്നുമാണ് അയാള്‍ പറയുന്നതെന്നും പൊലീസ് വ്യക്തമാക്കി.
മേയ് 10നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തെ കുറിച്ച് അറിയുന്നത്. ഹൈക്കമ്മിഷനിലെ ജീവനക്കാരില്‍ ഒരാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. ഇതിന് അടുത്ത ദിവസമാണ് ജോലിക്കാരന് പൊലീസിനു മുന്പില് ഹാജരായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഥാപ്പര്‍ ന്യൂസിലാന്റ് വിടാനുള്ള തയ്യാറെടുപ്പിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആരോപണം ഉന്നയിച്ച വ്യക്തി കേസ് കൊടുത്തിട്ടില്ലെങ്കിലും സംഭവം മന്ത്രാലയം വിശദമായി അന്വേഷിക്കുമെന്ന് സ്വരൂപ് പറഞ്ഞു. ഹൈ കമ്മീഷണറിനെ ഡല്‍ഹിയിലുള്ള ആസ്ഥാനത്തേക്കാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ദൃഢഗാത്രനായഒരാളെ ആക്രമിക്കാനുള്ള ശക്തി ഷര്മിളയ്ക്കില്ലെന്ന് ഥാപ്പര്‍ പറഞ്ഞു. അമ്മയെ നോക്കണമെന്നതിനാല്‍ ഇന്ത്യയിലേക്ക് പോവുകയാണെന്നും ജോലിക്കാരന് പറഞ്ഞിരുന്നു. ജോലിക്കാര്‍ക്ക് താന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. താന്‍ അവരെ വിശ്വസിച്ചിരുന്നു. ജീവനക്കാരന് തനിക്കെതിരെ കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും ഥാപ്പര്‍ ആരോപിച്ചു.