ഡബ്ലിന്‍:രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയും,ഡബ്ല്യു.എം.സിയുടെ സ്ഥാപക വൈസ് പ്രസിഡന്ടുമായിരുന്ന കെ.പി.പി. നമ്പ്യാരുടെ (86) നിര്യാണത്തില്‍ ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‍സ് അനുശോചിച്ചു . ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‍സ് ചെയര്‍മാന്‍ ശ്രീ. സൈലോ സാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രത്യേക യോഗത്തിലാണ് കെ.പി.പി. നമ്പ്യാരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.
ഡബ്ല്യു.എം.സിയുടെ സ്ഥാപക ചെയര്‍മാന്‍ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ. ടി.എന്‍ ശേഷന്‍ , വൈസ് ചെയര്‍മാന്‍ ശ്രീ. ബാബു പോള്‍ ഐ.എ.എസ് എന്നിവരോടൊപ്പം മലയാളികളുടെ ആഗോള സംഘടനയ്ക്ക് അടിത്തറ പാകാന്‍ സഹായിച്ച കെ.പി.പി. നമ്പ്യാരുടെ സേവനങ്ങള്‍ പ്രസിഡന്റ് ശ്രീ. കിംഗ് കുമാര്‍ വിജയരാജന്‍ പ്രമേയത്തില്‍ അനുസ്മരിച്ചു.
1929 ഏപ്രില്‍ 15ന് കല്യാശ്ശേരിയില്‍ ചിണ്ടന്‍ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായി ജനിച്ച കെ.പി.പി. നമ്പ്യാര്‍ രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് എണ്ണമറ്റ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1987ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ (ഇപ്പോഴത്തെ ഐ.ടി.വകുപ്പ്) സെക്രട്ടറിസ്ഥാനത്തെത്തി. 1989ല്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഇദ്ദേഹം സര്‍ക്കാറിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം തുടര്‍ന്നു.
1995ല്‍ കണ്ണൂര്‍ പവര്‍ പ്രോജക്ട് ആരംഭിക്കാനുള്ള പദ്ധതിതയ്യാറാക്കിയെങ്കിലും നടക്കാതെപോയി. അതിനുശേഷമാണ് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും നമ്പ്യാരെ തേടിയെത്തി.
ഭാര്യ: ഉമാദേവി നമ്പ്യാര്‍. മക്കള്‍: സരോജിനി നമ്പ്യാര്‍, പദ്മന്‍ ജി. നമ്പ്യാര്‍, കിരണ്‍ നമ്പ്യാര്‍.