ഡബ്ലിന്‍: ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സൗജന്യ ജിപി സേവനം ലഭ്യമാക്കുന്ന പദ്ധതിയിലേക്കായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 100,000 പേരെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍. ഇതുവരെയുള്ള നീക്കങ്ങളില്‍ പൂര്‍ണ സന്തോഷവാനാണെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി.
ഇതുവരെ നടന്നിട്ടുള്ള രജിസ്‌ട്രേഷനുകളില്‍ യാതൊരു വിധ തിരക്കുകൂട്ടലുകളും അനുഭവപ്പെട്ടില്ലയെന്നും അതിനാല്‍ത്തന്നെ ശസ്ത്രക്രീയകള്‍ ആവശ്യമില്ലാത്ത കുട്ടികളുടെ തിരക്ക് ഈ സേവനത്തിനായി ഉണ്ടാവില്ലെന്നും അദ്ദേഹം വിലയിരുത്തി. സ്‌കീമിലേക്കായി ഇതുവരെ 14 ശതമാനം ജിപിമാരും പേരു രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ആറു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 60 ശതമാനത്തോളം പേരും മെഡിക്കല്‍ കാര്‍ഡുകള്‍ ഉള്ളവരാണ്. ഇക്കൂട്ടര്‍ ഏകദേശം 150,000 ത്തോളം വരും. ഇതുകൂടാതെയാണ് സ്‌കീമിലേക്ക് 100,000 കുട്ടികള്‍ പേരു ചേര്‍ത്തിട്ടുള്ളത്.
വരുന്ന മാസങ്ങളിലായി ഇനിയും ഒരുപാടു പേര്‍ പദ്ധതിയില്‍ പേരു രജിസ്റ്റര്‍ ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷനായി തിരക്കു കൂട്ടാതെ മാതാപിതാക്കള്‍ മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നില്‍ കുട്ടികളെ ആവശ്യമെങ്കില്‍ മാത്രം ഡോക്ടര്‍ക്കു മുന്നില്‍ എത്തിക്കുകയെന്ന ആശയമാണെന്നും ഇത് പദ്ധതിക്കേറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
എഎസ്