തുര്‍ക്കി വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലിറക്കിയ തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനം സുരക്ഷിതമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം വ്യാജമായിരുന്നെന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പരിശോധനകള്‍ക്കു ശേഷം വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബി അറിയിച്ചു.

ബാങ്കോക്കില്‍ നിന്നും ഇസ്താന്‍ബൂളിലേക്ക് യാത്രതിരിച്ച ടികെ 65 എന്ന വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തിലിറക്കിയത്.148 യാത്രക്കാരെയും 13 ജീവനക്കാരെയും പുറത്തിറക്കി സിഐഎസ്എഫും എന്‍എസ്ജി കമാന്‍ഡോസും വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. വിമാനം ഇന്നുതന്നെ യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഭീഷണിക്ക് പിന്നില്‍ യാത്രികരില്‍ ആരെങ്കിലുമാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. വിമാനയാത്രികരെ അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. പരിഭ്രാന്തി പരത്തി വിമാനം ഹൈജാക്ക് ചെയ്യാനായിരുന്നോ ശ്രമമെന്നും സംശയമുണ്ട്. വിമാനം ഉടന്‍ പുറപ്പെടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പറഞ്ഞു. ബോംബ് ഭീഷണിയെതുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം.

വിമാനത്തിലെ ടോയ്‌ലറ്റ് മിററില്‍ ലിപ്സ്റ്റിക് ഉപയോഗിച്ചാണ് ‘ബോംബ് ഇന്‍ കാര്‍ഗോ’ എന്ന ഭീഷണി സന്ദേശം എഴുതിയിരുന്നത്. ഇതേതുടര്‍ന്ന് പൈലറ്റ് നാഗ്പൂര്‍ എയര്‍ ട്രാഫിക്ക് കണ്‍ട്രോളറെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് പൈലറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലിറക്കിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: