ബ്രസ്സല്‍സ്:’ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടണം, അല്ലെങ്കില്‍ തന്റെ രാജ്യം അപ്രത്യക്ഷമാകും’ യൂറോപ്യന്‍ നേതാക്കളോട് ദ്വീപ് രാജ്യമായ തുവാലുവിലെ പ്രധാനമന്ത്രി എനേല സ്‌പൊവാഗയുടെ അഭ്യര്‍ത്ഥനയാണിത്. ഡിസംബറില്‍ പാരീസില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ വ്യതിയാന ഉച്ചക്കോടിയ്ക്ക് മുന്നോടിയായി ഇക്കാര്യം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനമായ ബ്രസ്സല്‍സില്‍ നേരിട്ടെത്തിയിരിക്കുകയാണ് എനേല.
10,000ത്തോളം പേര്‍ വസിക്കുന്ന പസഫിക സമുദ്രത്തിലെ ദ്വീപസമൂഹത്തിലെ ലോകത്തെ നാലാമത്തെ ചെറിയ രാജ്യമാണ് തുവാലു. സമുദ്രനിരപ്പില്‍ നിന്നും വെറും നാല് മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തുവാലുവിന് കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍നിരപ്പ് ഉയരുന്നത് ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഏനേല സഹായം അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ നേതാക്കളെ സമീപിച്ചിരിക്കുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ച് ആഗോളതാപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നാണ് എനേലയുടെ ആവശ്യം. ഇതാണ് സുരക്ഷിതമായ താപനിലയെന്ന് ഗവേഷകരും പറയുന്നു. ‘തുവാലു ദ്വീപുകള്‍ വെള്ളത്തിനിടയില്‍ ആയാലും കാലാവസ്ഥാ വ്യതിയാനം അവസാനിക്കാന്‍ പോകുന്നില്ലെന്നും ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും എനേല പറഞ്ഞു.
ആഗോളതാപനില രണ്ട് സെല്‍ഷ്യസ് ആകുന്നത് തന്നെ അപകടകരമാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. കടല്‍നിരപ്പുയര്‍ന്ന് മുങ്ങുന്ന അവസ്ഥ വന്നാല്‍ തുവാലുവിലെ ജനങ്ങളെ മറ്റേതെങ്കിലും ദ്വീപിലേക്ക് മാറ്റാന്‍ സാധിക്കും. എന്നാല്‍ അതുകൊണ്ട് കാലാവസ്ഥ വ്യതിയാനത്തെ തടയാനാകില്ലെന്നും ഏലേന പറഞ്ഞു.
-എജെ-