സ്മിത്തിനും റോജേഴ്‌സിനും സെഞ്ചുറി; ഓസീസ് ശക്തമായ നിലയില്‍

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസീസിനു ഗംഭീര തുടക്കം. ആദ്യദിനം ക്രിസ് റോജേഴ്‌സിന്റെയും (158) സ്റ്റീവന്‍ സ്മിത്തിന്റെയും (129) സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റിന് 337 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണറുടെ (38) വിക്കറ്റ് മാത്രമാണ് ആദ്യദിനം കങ്കാരുക്കള്‍ക്കു നഷ്ടമായത്. മോയിന്‍ അലിക്കാണ് വിക്കറ്റ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ടെസ്റ്റില്‍നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് കളത്തിലിറങ്ങിയത്. ഫോമിലല്ലാത്ത ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണും വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിനും ടീമിനു പുറത്തായി. വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലും ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാഡിന്‍ ടീമില്‍നിന്നു പിന്മാറുകയായിരുന്നു. ഇതേതുടര്‍ന്നാണു നെവിലിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്.

ആദ്യ ടെസ്റ്റിലെ അന്തിമ ഇലവനെ ഇംഗ്ലണ്ട് ലോര്‍ഡ്‌സിലും നിലനിര്‍ത്തി. സ്പിന്നര്‍ മൊയിന്‍ അലി പരിക്കു മൂലം കളിക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മത്സരത്തിന് മുന്‍പ് അദ്ദേഹം കായികക്ഷമത വീണ്‌ടെടുത്തു.

അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: