തമിഴ്‌നാട്ടില്‍ നിന്നുളള പച്ചക്കറികളില്‍ വന്‍തോതിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ടെന്ന കേരളത്തിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് രംഗത്ത്. മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം കേരളം തമിഴ്‌നാട്ടിലുള്ള കര്‍ഷകരെ വേദനിപ്പിക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണെന്ന് വിജയ്കാന്ത് പറയുന്നു.
അതുകൊണ്ടാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുവരുന്ന പച്ചക്കറിയില്‍ വിഷം അടങ്ങിയിട്ടുണ്ടെന്ന് കേരളം പറയുന്നതെന്നും നടന്‍ പറഞ്ഞു. കേരളം നമ്മുടെ അയല്‍ സംസ്ഥാനമാണോ അതോ മറ്റേതെങ്കിലും രാജ്യമാണോ? ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. വിജയ്കാന്ത് പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ ദേശീയ പരീക്ഷണശാലകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കേരളം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടിയന്തരമായി ഇടപെടണമെന്ന് വിജയകാന്ത് ആവശ്യപ്പെട്ടു.
ഞങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിച്ചു തന്നെയാണ് ഇതുവരെയും ജീവിച്ചുപോകുന്നത്. ഞങ്ങള്‍ക്കാര്‍ക്കും ഒരു കുഴപ്പവുമില്ല. ഒരു ആരോഗ്യപ്രശ്‌നമോ മരണം പോലുമോ ഇതുമൂലം തമിഴ്‌നാട്ടില്‍ ഉണ്ടായിട്ടില്ല, കേരളത്തില്‍നിന്ന് മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവന്ന് തള്ളുന്നതിനെതിരെ കര്‍ശന നടപടി വേണമെന്നും വിജയകാന്ത് പറഞ്ഞു.
-എജെ-