ലണ്ടൻ നഗരത്തിൽ നൂപുരധ്വനികളുയർത്താൻ ശിവരാത്രി നൃത്തോത്സവം

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ശിവരാത്രി നൃത്തോത്സവത്തിന് ഫെബ്രുവരി 29 വൈകിട്ട് മൂന്നിന് തിരിതെളിയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കും.

തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം.
കഴിഞ്ഞ വർഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്ത് വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കലാകാരി ആശാ ഉണ്ണിത്താനാണ് നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്.

ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു ഇതിനോടകം തന്നെ നിരവധി കലാ സാംസാകാരിക പ്രമുഖർ ആശംസകൾ നേർന്നു കഴിഞ്ഞു.

ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയർമാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ തെക്കുമുറി ഹരിദാസ് അറിയിച്ചു.

കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയാണ്.

Share this news

Leave a Reply

%d bloggers like this: