കോവിഡ്‌ – 19 വ്യാപനം; പ്രതിരോധ മരുന്നിനായുളള തീവ്രഗവേഷണം, പ്രതീക്ഷയോടെ ലോകജനത

കോവിഡ്‐19 എന്ന  മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ തലപുകയ്‌ക്കുകയാണ്‌. പ്രതിരോധ മരുന്ന്‌ കണ്ടെത്തുന്നതിന്‌ ശാസ്‌ത്രലോകവും ആരോഗ്യരംഗത്തെ ഗവേഷകരും ഉറക്കമൊഴിയുകയാണ്‌ . ഇവരുടെ ശ്രമങ്ങൾ ആശാവഹമായി പുരോഗമിക്കുന്നു എന്നാണ്‌ വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.  പ്രതിരോധമരുന്ന്‌ ഗവേഷണവും തുടർപ്രവർത്തനങ്ങളും ചൈനയിലും യു എസിലും ജർമനിയിലും വിപുലീകരണ ഘട്ടത്തിലാണ്. ചിലയിടത്ത് ഇത് മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങി.ഏറ്റവും കുറഞ്ഞത് പതിനെട്ട്‌  മാസമാണ് ഒരു വാക്സിൻ വിപുലീകരിക്കാൻ വേണ്ടത്. അത് യുദ്ധകാലാടിസ്ഥാനത്തിൽ ആണെങ്കിൽപോലും. പക്ഷെ കോവിഡ് 19  പടരുന്നത് അതിവേഗത്തിൽ ആയതിനാൽ മിക്കവാറും ലോകജനതയുടെ വലിയ ശതമാനത്തിനെ ഇതു ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ഗവേഷണങ്ങൾക്കും വേഗത കൂട്ടിയിട്ടുണ്ട്‌.
യു എസിലെ സിയാറ്റിലിൽ ഉള്ള കൈസർ പെർമനന്റെ വാഷിങ്ടൺ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണ് ക്ളിനിക്കൽ ട്രയലിനായി ശ്രമിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹെൽത്തിന്റെ ഭാഗമാണിത്. 18- മുതൽ 55 വരെ പ്രായമുള്ളവരിലാണ് ആദ്യത്തെ പരീക്ഷണങ്ങൾ നടക്കുക. എം ആർഎൻഎ 1273 എന്ന ഈ വാക്സിൻ മോഡേണ എന്ന ബയോടെക് സ്ഥാപനവുമായി ചേർന്നാണ് വിപുലീകരിച്ചത്‌. എന്നാൽ ഇത് വിപണിയിൽ  ലഭ്യമാകണമെങ്കിൽ  കടമ്പകൾ ഏറെ. അത്രപെട്ടെന്നൊന്നും  ലഭ്യമാകില്ല എന്നർഥം.
മെസ്സെഞ്ചർ ആർഎൻഎ എന്ന ജനിതക പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെ വിപുലീകരണം. ഈ സംയുക്തം മനുഷ്യശരീര കോശങ്ങളിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരു പ്രോട്ടീൻ നിർമിതിക്ക്‌ കാരണമാകും. നേരത്തേ സാർസ്‌, മെർസ്‌ എന്നിവയ്ക്കു കാരണമാകുന്ന മറ്റു കൊറോണാ വൈറസുകളെക്കുറിച്ച് നല്ല അറിവുള്ളതുകൊണ്ടാണ് ഇത്ര വേഗത്തിൽ ഇത്‌ വിപുലീകരിക്കാനായതെന്ന് അതിന്റെ വക്താക്കൾ പറയുന്നു.
 
ഇതുകൂടാതെ ഫൈസർ എന്ന യു എസ് ബയോടെക് ഭീമനും ജർമനിയിലെ ബയോ എൻ ടെക് എന്ന സ്ഥാപനവും മറ്റൊരു രീതിയിൽ വാക്സിൻ വിപുലീകരണം നടത്തിവരുന്നു. ക്ളിനിക്കൽ  ട്രയൽ എന്ന പരീക്ഷണം തുടങ്ങിയതായും അവകാശവാദമുണ്ട്. വൃത്താകൃതിയുള്ള കൊറോണ വൈറസുകളുടെ ഉപരിതലത്തിൽ അവയ്ക്ക് മനുഷ്യകോശങ്ങളിൽ പറ്റിപ്പിടിക്കാനായി പുറത്തേക്ക്‌ നീണ്ടുനിൽക്കുന്ന മുള്ളു പോലെയുള്ള ഭാഗങ്ങളുണ്ട്. ഇതിന്റെ  അഗ്രം കൂർത്തതല്ല. ഇവ വൈറസിന്‌ ഒരു കിരീടത്തിന്റെ രൂപം നൽകുന്നു. കൊറോണ എന്നാൽ കിരീടം എന്നർഥം. 28 ദിവസം കൂടുമ്പോൾ കൈകളിലെ പേശികളിലാണ്‌ വാക്സിൻ കുത്തിവയ്ക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 പേരിൽ 25 മുതൽ -250 മൈക്രോഗ്രാം പ്രയോഗിച്ച് നിരീക്ഷിക്കും. വാക്സിനേഷനുശേഷം ഇതിൽ പങ്കെടുത്തവരെ സസൂക്ഷ്മം നിരീക്ഷിക്കും. വാക്സിൻ ശരീരത്തിൽ ഉദ്ദേശിച്ച ഫലം നൽകുന്നുണ്ടോ എന്നും ശരീരം പ്രതിരോധ പ്രവർത്തനം തുടങ്ങിയോ എന്നും പരിശോധിക്കും.
അതേസമയം ഇസ്രയേലിലെ മിഗാൽ ഗലീലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പത്തു മാസത്തിനുള്ളിൽ വാക്സിൻ ലഭ്യമാക്കും എന്ന അവകാശവാദവുമായി രംഗത്തുണ്ട്. പടരുന്ന ബ്രോങ്കൈറ്റിസിനുള്ള വാക്സിൻ അവർ വിപുലീകരിക്കുകയായിരുന്നു. അതിനാൽ പെട്ടന്നു  തന്നെ കോവിഡ് 19നുള്ള വാക്സിൻ പുറത്തിറക്കാം എന്നവർ പറയുന്നു. ക്യൂബയും റഷ്യയും ഓസ്‌ട്രേലിയയുമടക്കമുള്ള രാജ്യങ്ങളും ഫലപ്രദമായ  പ്രതിരോധ മരുന്നിനുളള തീവ്ര ഗവേഷണത്തിലാണ്‌.
 
ചൈനീസ് ഗവേഷകരാണ് ഈ വൈറസിന്റെ ജനിതക ഘടന കണ്ടെത്തിയത്. ഇത് ലോകത്തെ എല്ലാ ഗവേഷണ സ്ഥാപനങ്ങൾക്കും അവർ  ലഭ്യമാക്കി. പ്രതിരോധ മരുന്നു ഗവേഷണരംഗത്തെ ഫേസ് 1 എന്ന ആദ്യഘട്ടം ചൈനയിൽ അടുത്ത മാസം തുടങ്ങും.  ഫേസ് 2 ട്രയൽ വേളയിൽ നൽകാനുള്ള ബാക്കി ഭാഗവും വിപുലീകരിക്കുന്നു. പ്രതിരോധ മരുന്നു കണ്ടെത്താൻ ഏതറ്റം വരെയും പോകാനാണ്‌ ചൈനയിലെ ഗവേഷകരുടെ തീരുമാനം. കൊറോണ വൈറസ്‌ വ്യാപനം, ജനിതകമാറ്റം തുടങ്ങിയവയെപ്പറ്റി വിപുലമായ ഗവേഷണപദ്ധതികളും പുരോഗമിക്കുകയാണ്‌. ‌കേരളത്തിലെ ചില ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളും ഇത്തരം ഗവേഷണങ്ങൾക്ക്‌ തുടക്കമിട്ടുകഴിഞ്ഞു.
വാക്സിനുകൾ ലഭ്യമായാലും  ഇത് വേഗം എല്ലാവരിലും എത്തിക്കാൻ കഴിയുമോ എന്ന ആശങ്ക നില നിൽക്കുന്നുണ്ട്‌. വൈറസ് വ്യാപനം കമ്യൂണിറ്റി സ്പ്രെഡ് എന്ന അവസ്ഥയിൽ എത്തിയാൽ ജനസംഖ്യയുടെ നല്ലൊരു ശതമാനം ആളുകളെ ബാധിക്കും. കോവിഡ്‐19നു ശേഷമുള്ള ലോകത്ത് വളരെയധികം സുരക്ഷാ ക്രമീകരണങ്ങൾ വേണ്ടി വരും എന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തൽ. ഒപ്പം നിതാന്ത ജാഗ്രതയും.
 
ശരീരത്തിന്റെ പ്രതിരോധശേഷി പ്രധാനമാണെന്നാാണ് വിദഗ്ധ അഭിപ്രാായം. ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിച്ചാൽ തന്നെ ഇപ്പോൾ സാധാരണ വൈറൽ പനിയെ നേരിടുന്നതു പോലെ ഇതും വലിയ ഹാനി വരുത്താതെ നോക്കാനാകും. പക്ഷെ കോവിഡ്‌‐19 വൈറസ് ബാധിക്കുമ്പോൾ മറ്റു രോഗങ്ങങ്ങളുള്ള ആളുകളിൽ അതൊക്കെ തീവ്രമാകുന്നതായി കാണുന്നുണ്ട്‌.   ഏറ്റവും ഉചിതമായത് ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കാനുള്ള ജീവിതശൈലി സ്വീകരിക്കുക എന്നതാണ്. ശരീരത്തിനു ഹിതമായ ഭക്ഷ്യവസ്തുക്കൾ ഓരോരുത്തർക്കും അറിയാം.
കുഴപ്പമുണ്ടാക്കും എന്നുള്ളവ ഒഴിവാക്കണം. സമീകൃതാഹാരം ശീലിക്കുക. പോഷകങ്ങളുടെ കുറവ് പരിഹരിക്കുക. നല്ല ഉറക്കം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. വീട്ടിലും ജോലിസ്ഥലത്തും വാഹനങ്ങളിലും ശുചിത്വം ഉറപ്പു വരുത്തുക. വ്യക്തി ശുചിത്വത്തിനൊപ്പം സാമൂഹ്യ ശുചിത്വവും പരമപ്രധാനമാണ്‌. ഒപ്പം സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പൂർണമായി പാലിക്കുക. 
എന്തായായാലും സമീപഭാവിയിൽ തന്നെ കോവിഡ്‌‐19 നെ നേരിടുന്നതിനുള്ള ശക്തമായ വാക്‌സിൻ ലഭ്യമാകുമെന്ന്‌ പ്രതീക്ഷിക്കാം. ലോക രാജ്യങ്ങൾ ഇതിനായി നടത്തുന്ന കഠിനപ്രയത്‌നം വിജയിക്കുക തന്നെ ചെയ്യും.

Share this news

Leave a Reply

%d bloggers like this: