ഹൃദയ ശസ്ത്രക്രിയകളുടെ ഫലപ്രാപ്തി പരിശോധിച്ച് ഉറപ്പുവരുത്താൻ ലളിതവും ചെലവ് കുറഞ്ഞതുമായ ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ച്‌ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ്‌ ടെക്നോളജി

ഇതാദ്യമായാണ്‌ ഇന്ത്യയിൽ തദ്ദേശീയമായി ബ്ലഡ് ഫ്ളോ മീറ്റർ വികസിപ്പിച്ചത്‌. ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിർണയിക്കുന്ന രക്ത പ്രവാഹ നിരക്ക് മനസ്സിലാക്കുന്നതിനാണ്‌ ഇവ ഉപയോഗിക്കുന്നത്‌. ഇറക്കുമതി ചെയ്യുന്നവയ്ക്ക്‌ 25 മുതൽ 30 ലക്ഷം രൂപയാണ്‌ വില. എന്നാൽ, തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ബ്ലഡ് ഫ്ളോ മീറ്ററിന്‌ ആയിരം രൂപയിൽ താഴെ വിലയ്‌ക്ക്‌ നൽകാനാകും എന്ന്‌ ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ പറഞ്ഞു.

ഇത്‌ സർക്കാർ ആശുപത്രികൾക്ക്‌ കൂടുതൽ സഹായകരമാകും. കൈയിൽ കൊണ്ടുനടക്കാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ഉപകരണത്തിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനായി സാങ്കേതികവിദ്യ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻപ്രോഡക്ട്സിന് കൈമാറി.
ബയോടെക്നോളജി വിഭാഗത്തിലെ മെഡിക്കൽ ഡിവൈസസ് എൻജിനീയറിങ്‌ വകുപ്പ്‌ ഗവേഷകരായ ശരത് എസ് നായർ, വിനോദ് കുമാർ വി, ശ്രീദേവി വി, നാഗേഷ് ഡി എസ് എന്നിവരടങ്ങിയ സംഘമാണ് ഉപകരണം വികസിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: