ചൈനീസ്‌ കമ്പനിയായ സിനോവാക്കിന്റെ കോവിഡ്‌ വാക്‌സിൻ 2021 ൽ വിപണിയിൽ

ചൈനീസ് കമ്പനിയുടെ കോവിഡ് വാക്സിൻ 2021ൽ പുറത്തിറങ്ങും. മനുഷ്യരിൽ നടത്തിവരുന്ന അവസാനഘട്ട പരീക്ഷണങ്ങൾ വിജയകരമായാൽ അമേരിക്കയിൽ വാക്‌സിൻ വിതരണാനുമതിക്ക്‌ അപേക്ഷ നൽകുമെന്ന്‌ സിനോവാക്ക്‌ സിഇഒ യിൻ വെയ്‌ദോങ്‌ പറഞ്ഞു. മരുന്ന്‌ സ്വയം പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ചൈനയ്‌ക്കുവേണ്ടിയാണ്‌ വാക്‌സിൻ തയ്യാറാക്കിയത്‌. പിന്നീട്‌ ലോകരാജ്യങ്ങൾക്ക്‌ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ സംരംഭമായ സിനോഫാർമുമായി ചേർന്നാണ്‌ വാക്‌സിൻ നിർമിക്കുന്നത്‌. എന്നാൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ചൈനീസ്‌ വാക്‌സിനുകൾക്ക്‌ വിലക്കുണ്ട്‌.  
നിലവിൽ ബ്രസീൽ, തുർക്കി, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 24,000 പേരിൽ വാക്‌സിൻ പരീക്ഷണം നടക്കുന്നുണ്ട്‌. ബംഗ്ലാദേശ്‌‌, ചിലി എന്നിവിടങ്ങളിലേക്ക്‌ പരീക്ഷണം വ്യാപിപ്പിക്കും.

ഒരുവർഷം അഞ്ച്‌ ലക്ഷം വാക്‌സിൻ നിർമിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ചില രാജ്യങ്ങളിൽ രോഗികളിലേറെയും കുട്ടികളായതിനാൽ, ഇവിടങ്ങളിൽ കൊറോണവാക്‌ എന്ന വാക്‌സിനും പരീക്ഷിക്കുന്നുണ്ടെന്ന്‌ യിൻ വെയ്‌ദോങ്‌ പറഞ്ഞു. അതേസമയം, ഈ വർഷം അവസാനത്തോടുകൂടി വാക്‌സിൻ വിതരണം ചെയ്യുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ പ്രതിനിധി അറിയിച്ചു. മഹാമാരിയെ ചെറുക്കാൻ ഏറ്റവും വേഗത്തിൽ വാക്‌സിൻ കണ്ടെത്തുകയെന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും പ്രതിനിധി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: