ശരത്കാലത്തു അയർലൻഡ് ഇത്ര മനോഹരമാകുന്നത് എങ്ങനെ? ഇലകളുടെ നിറം മാറ്റം എന്തുകൊണ്ട് സംഭവിക്കുന്നു?

ഇലപൊഴിയും മരങ്ങളുടെ പച്ച ഇലകൾ, ശരത്കാലമാകുമ്പോൾ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പർപ്പിൾ, ബ്രൗൺ നിറങ്ങൾ ആയി മാറാറുണ്ട്. ഈ മാറ്റത്തെയാണ് ലീഫ് സിനസിൻസ് (senescence) അഥവാ ഇലകളുടെ വാർദ്ധക്യം എന്നു പറയുന്നത്. ചെടികളുടെ വളർച്ചയ്ക്ക് ജലം, സൂര്യപ്രകാശം, പോഷകങ്ങൾ എന്നിവ അത്യാവശ്യമാണ്. പോഷകങ്ങളും ജലവും മണ്ണിൽനിന്നു വലിച്ചെടുക്കുന്നു. സൂര്യപ്രകാശം ഇലകൾ സ്വീകരിക്കുന്നു. ഇലകൾക്ക് പച്ച നിറം നൽകുന്ന ക്ലോറോഫിൽ ഉല്പാദിപ്പിക്കാൻ സൂര്യപ്രകാശം ആവശ്യമാണ്.

സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ ആഹാരം നിർമിക്കുന്നതിനു ക്ലോറോഫിൽ സൂര്യപ്രകാശത്തെ ഉപയോഗിക്കുന്നു .ഈ പ്രക്രിയയാണ് ഫോട്ടോസിന്തസിസ്. വേനൽക്കാലത്തും വസന്ത കാലത്തും ക്ലോറോഫിലിലെ പച്ച പിഗ്മെന്റ് മറ്റ് നിറങ്ങളിലുള്ള രാസ പിഗ്മൻറ്റുകളെ മറച്ചു കളയും. വേനൽക്കാലത്ത് മരങ്ങളിൽ പ്രകാശസംശ്ലേഷണം വലിയതോതിൽ നടക്കുന്നു. സസ്യങ്ങളുടെ ഭക്ഷണമായ പഞ്ചസാര ഉപയോഗിച്ചാണ് സസ്യം പുതിയ ഇലകളും പൂക്കളും വിത്തുകളും നിർമ്മിക്കുന്നത്.

ശരത്കാലത്തിൻറെ വരവോടെ പകലിന്റെ ദൈർഘ്യവും താപനിലയും കുറയുന്നു. അപ്പോൾ ഇലകളുടെ അടിയിൽ പുതിയ കോശനിര വളരുന്നു. ഈ നിരയെ abscission ലയർ എന്നാണ് വിളിക്കുന്നത്. തുടർന്ന് ഇലകളിലേക്കുള്ള ജലത്തിന്റെയും ധാതുക്കളുടെയും ആഗിരണം കുറയുന്നു. ഇലകളിൽനിന്ന് സസ്യ കാണ്ഡത്തിലേക്കും വേരിലേക്കും ക്ലോറോഫീൽ വലിച്ചെടുക്കപ്പെടുമ്പോൾ ഇലകളിലെ ക്ലോറോഫിൽ അംശം കുറയുന്നു. അതായത് കാണ്ഡങ്ങളിലും വേരുകളിലും സംഭരിക്കപ്പെട്ട ക്ലോറോഫിൽ വിശ്ലേഷണം ചെയ്യപ്പെടുമ്പോൾ ഇലകൾക്ക് പച്ചനിറം നഷ്ടപ്പെടുന്നു.

പിന്നീട് ഇലകളിൽ അവശേഷിക്കുന്ന രാസപദാർഥങ്ങൾ കരോട്ടിനോയിഡ്സ് എന്നറിയപ്പെടുന്നു. ക്യാരറ്റിന് ഓറഞ്ചു നിറം നൽകുന്നത് കരോട്ടിനോയ്ഡ്കൾ ആണ്

ഇലകൾക്ക് വിവിധ നിറങ്ങൾ നൽകുന്നത് അതിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങളാണ്. കരോട്ടിനോയ്ഡ് ഓറഞ്ചു നിറവും സാന്തോഫിൽ മഞ്ഞനിറവും ആന്തോസയാനിൻ ചുവപ്പുനിറവും ഇലകൾക്കു നൽകുന്നു.

ഈ രാസപദാർഥങ്ങളിൽ പോഷകങ്ങൾ ഇല്ലാത്തതിനാൽ ചെടികൾക്ക്‌ ഇവ വിശ്ലേഷണം ചെയ്യേണ്ട ആവശ്യമുണ്ടാകുന്നില്ല.

നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മിക്ക കോണിഫർ മരങ്ങളും അതിശൈത്യ പ്രദേശത്ത് നിന്നും വന്നവയാണ്. ഇവയുടെ ഇലകൾക്ക് കട്ടിയുള്ള മെഴുകിന്റെ ആവരണം ഉള്ളതിനാൽ കഠിനമായ തണുപ്പും ക്ഷതങ്ങളും ഇലകൾക്ക് ഏൽക്കില്ല. അതുകൊണ്ടാണ് കോനിഫർ ഇലകൾക്ക് (സൂചികൾ) നിറം മാറ്റം സംഭവിക്കാത്തത് .

ശൈത്യകാലത്ത് , ഇലപൊഴിയുംമരങ്ങളുടെ കൊഴിയാത്ത ഇലകളിലെ ജലാംശം തണുത്തുറഞ്ഞ് വികസിക്കുമ്പോൾ ഇലകളിലെ കോശങ്ങൾ പൊട്ടിപ്പോകുന്നു. തൽഫലമായി , തുടർന്നുവരുന്ന വസന്തകാലത്ത് പ്രകാശസംശ്ലേഷണം നടത്താൻ ഈ ഇലകൾക്ക് കഴിയാതെ പോകുന്നു. ഇലപൊഴിയും മരങ്ങൾ ഇലകൾ പൊഴിക്കുന്നത് ശൈത്യകാലത്തെ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെടാനാണ്. ഇലകളില്ലാത്ത ചില്ലകൾക്കിടയിലൂടെ ശക്തിയേറിയ കാറ്റുകൾ എളുപ്പത്തിൽ കടന്നു പോകുമല്ലോ.

മുമ്പ് സൂചിപ്പിച്ചതുപോലെ, ഇലകളിലേക്കുള്ള ജലപ്രവാഹം കുറയുമ്പോൾ ഇലകൾക്കടിയിലുള്ള abscission കോശനിര തണ്ടിന് നേരെ വളർന്നു തുടങ്ങും. ഈ കോശവളർച്ച ഒരു ഘട്ടമെത്തുമ്പോൾ ഇലയെ തണ്ടിൽനിന്നും വേർപെടുത്തും. ആ ഭാഗത്ത് കട്ടിയുള്ള കലകൾ വളർന്നു തഴമ്പ് രൂപപ്പെടും.

മരങ്ങളിൽ നിന്നും താഴെ വീഴുന്ന ഇലകളും പഴങ്ങളും മൃഗങ്ങൾക്കും കീടങ്ങൾക്കും ഭക്ഷണമാകുന്നു. അതിലെ വിത്തുകൾ തുടർന്ന് വരും വർഷത്തിൽ മുളയ്ക്കും.

ഉദാഹരണത്തിന്,

കാനന ആവാസവ്യവസ്ഥയിൽ ഓക്ക് മരത്തിനു നിസ്തുലമായ സ്ഥാനമുണ്ട്. പ്രാവ് ,അണ്ണാൻ, മരംകൊത്തി, താറാവ്, മാൻ എന്നിവയുടെ ആഹാരവ്യവസ്ഥ ഓക്ക് മരവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.ഓക്ക് മരകായ്കൾ ഏറ്റവും കൂടുതൽ വിളഞ്ഞ വർഷത്തെ ” മാസ്റ്റ് ഇയർ” എന്നു പറയുന്നു.

ഇലകൾ അഴുകുമ്പോൾ അവയിലെ പോഷകങ്ങൾ മണ്ണിലേക്ക് അരിച്ചിറങ്ങി ചെടികൾക്കും മൃഗങ്ങൾക്കും ഭക്ഷണമാകുന്നു. മണ്ണിര, പൂപ്പൽ, കീടങ്ങൾ, ബാക്റ്റീരിയ എന്നിവ ഇലകളെ ആഹരിക്കുകയും മണ്ണിനു കൂടുതൽ വളകൂറു നൽകുകയും ചെയ്യുന്നു.

അതേനേരം, ശൈത്യകാലത്ത് മരങ്ങൾ നിദ്രകൊള്ളുകയും വേരുകളിലും ശിഖരങ്ങളിലും തടിയിലും പഞ്ചസാരയും അമിനോ അമ്ലങ്ങളും സംഭരിക്കുകയും ചെയ്യുന്നു. പിന്നീട് വരുന്ന വസന്തകാലത്ത് മരങ്ങൾ കൂടുതൽ വളരുന്നു.

Share this news

Leave a Reply

%d bloggers like this: