ജോ ബൈഡൻ; ദാരിദ്ര്യത്തെയും വിക്കിനെയും വംശവെറിയെയും യുദ്ധ കൊതിയെയും തോൽപ്പിച്ച സ്നേഹ സമ്പന്നൻ

ചെറുപ്പത്തിൽ കൂട്ടുകാർക്കുമുന്നിൽ ജോ ബൈഡനെ ‌അപഹാസ്യനാക്കിയത്‌ വിക്കായിരുന്നു. ദാരിദ്ര്യവും വലച്ചു. അങ്ങനെ പലതിനോടും പടവെട്ടിയാണ്‌ ജോ ബൈഡന്‍ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാജ്യത്തിന്റെ പ്രസിഡന്റു പദവിയുടെ പടവു ചവിട്ടുന്നത്‌. ദീർഘമായ കാവ്യങ്ങൾ മനപ്പാഠമാക്കിയും അത്‌ മുഖക്കണ്ണാടിക്കുമുന്നിൽനിന്ന്‌ ഉറക്കെ ആലപിച്ചുമാണ്‌ സംസാരിക്കാനുള്ള തടസ്സം അദ്ദേഹം മറികടന്നത്‌.

ആർക്ക്‌മെർ അക്കാദമി സ്‌കൂളിൽ പഠിക്കുമ്പോൾ ഫീസിന്‌ പണം തികയ്‌ക്കാൻ സ്‌കൂൾ ജനാല തുടയ്‌ക്കുകയും പൂന്തോട്ടത്തിലെ കള പറിക്കുകയും ചെയ്‌ത ചരിത്രമുണ്ട്‌ ബൈഡന്‌. 1942 നവംബർ 20ന്‌ ജനിച്ച ബൈഡൻ പെൻസിൽവാനിയക്ക്‌ വടക്കുള്ള സ്‌ക്രാന്റൺ നഗരത്തിലാണ്‌ വളർന്നത്‌. അച്ഛൻ ജോസഫ്‌ ബൈഡന്‌ പഴയ‌ കാറുകളുടെ വിൽപ്പനയും ചൂള വൃത്തിയാക്കലുമായിരുന്നു ജോലി. അമ്മ കാതറിൻ ഇ എഫ്‌ ബൈഡൻ.

അമേരിക്കൻ രാഷ്ട്രീയത്തിലെ സിംഹം
ഡെലാവേറിൽനിന്ന്‌ 1973ൽ സെനറ്ററായ ജോ ബൈഡൻ 2009ൽ ബറാക്‌ ഒബാമയ്‌ക്കു കീഴിൽ നാൽപ്പത്തേഴാമത്‌ വൈസ്‌ പ്രസിഡന്റായതുവരെ ആ സ്ഥാനത്ത്‌ തുടർന്നു. 2017ൽ ഒബാമയ്‌ക്കൊപ്പം വൈറ്റ്‌ഹൗസിന്റെ പടിയിറങ്ങി. രാഷ്‌ട്രീയത്തിൽ വരുന്നതിനുമുമ്പ്‌ കുറച്ചുകാലം അറ്റോർണിയായിരുന്നു. 2017ൽ ഒബാമ അദ്ദേഹത്തിന്‌ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ  ഫോർ ഫ്രീഡം നൽകി. ‘അമേരിക്കയിലെ എക്കാലത്തെയും മികച്ച വൈസ്‌ പ്രസിഡന്റ്‌’ , ‘അമേരിക്കൻ ചരിത്രത്തിലെ സിംഹം’ എന്നൊക്കെയാണ്‌ ഒബാമ വിശേഷിപ്പിച്ചത്‌.

സ്‌ക്രാന്റണിലെ സെന്റ്‌ മേരീസ്‌ എലിമെന്ററി സ്‌കൂളിലാണ്‌ ബൈഡൻ വിദ്യാഭ്യാസം തുടങ്ങിയത്‌. 1955ൽ ബൈഡന്‌ 13 വയസ്സായപ്പോൾ കുടുംബം മെയ്‌ഫീൽഡിലേക്ക്‌ പോയി. പ്രസിദ്ധമായ ആർക്ക്‌മെർ അക്കാദമിയിൽ ചേരുന്നതുവരെ അദ്ദേഹം സെന്റ്‌ ഹെലനാ സ്‌കൂളിൽ പഠിച്ചു. ആർക്ക്‌മെർ സ്‌കൂളിലെ ഫുട്‌ബോൾ ടീമിൽ അംഗമായി. 1961ൽ ആർക്ക്‌മെറിൽ പഠനം പൂർത്തിയാക്കി. ഡെലവേർ സർവകലാശാലയിൽ ചേർന്ന്‌ രാഷ്‌ട്രമീമാംസയും ചരിത്രവും പഠിച്ചു. അവിടെയും ഫുട്‌ബോൾ ഭ്രമം തുടർന്നു.  പെൺകുട്ടികൾ, ഫുട്‌ബോൾ, പാർടികൾ എന്നിവയിലായിരുന്നു ആദ്യ രണ്ടുവർഷം കമ്പമെന്ന്‌‌ ബൈഡൻ തുറന്നുപറഞ്ഞിട്ടുണ്ട്‌. ഡെലവേർ സർവകലാശാലാജീവിതത്തിന്റെ ആദ്യവർഷം ബഹാമാസിലേക്കുള്ള വിനോദയാത്രയ്‌ക്കിടെ പരിചയപ്പെട്ട സിറാക്കുസ്‌ സർവകലാശാലാ വിദ്യാർഥിനി നെയ്‌ലിയ ഹണ്ടറുമായി അദ്ദേഹം പ്രണയത്തിലായി. 1966ൽ വിവാഹിതരായ ഇവർക്ക്‌ ബിയു ബൈഡൻ, ഹണ്ടർ ബൈഡൻ, നവോമി ബൈഡൻ എന്നീ മക്കൾ ജനിച്ചു. ഇതിനിടെ സിറാക്കസ്‌ ലോ സ്‌കൂളിൽനിന്ന്‌ ബിരുദമെടുത്തിരുന്നു.

ആശുപത്രിയിൽ സത്യപ്രതിജ്ഞ
1968ൽ ബൈഡൻ വിൽമിങ്‌ടണിൽ അഭിഭാഷകനായി പ്രാക്ടീസ്‌ തുടങ്ങി. ഡെമോക്രാറ്റിക്‌ പാർടിയുടെ സജീവ പ്രവർത്തകനായി മാറിയ അദ്ദേഹം 1970ൽ ന്യൂ കാസിൽ കൗണ്ടി കൗൺസിലിലേക്ക്‌ തെരഞ്ഞെക്കപ്പെട്ടു. 1972ൽ  ഇരുപത്തൊമ്പതാം വയസ്സിൽ സെനറ്ററായി.

1972ൽ ക്രിസ്‌മസ്‌ ഷോപ്പിങ്ങിനിറങ്ങിയ ഭാര്യയും മകളും കാറപകടത്തിൽ മരിച്ചത്‌ അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. രണ്ട്‌ ആൺമക്കൾക്കും ഗുരുതര പരിക്കേറ്റു. നിരാശനായി ആത്മഹത്യക്കുവരെ ഒരുങ്ങിയെന്നാണ്‌ ബൈഡൻ പറയുന്നത്‌. വാഷിങ്‌ടണിലെ സത്യപ്രതിജ്ഞാചടങ്ങ്‌ ഉപേക്ഷിച്ച്‌ ആശുപത്രിയിൽ തന്റെ മക്കളുടെ ആശുപത്രിക്കിട‌ക്കയ്‌ക്ക്‌ അരികിൽനിന്നാണ്‌ ആദ്യമായി സെനറ്ററായി സത്യപ്രതിജ്ഞ ചെയ്‌തത്‌. മക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വിൽമിങ്‌ടണിൽത്തന്നെ താമസിച്ച്‌ ദിവസവും ട്രെയിനിൽ വാഷിങ്‌ടണിൽ പോയിവന്നു. 1971ൽ രണ്ടാം ഭാര്യ ജില്ലിനെ ബൈഡൻ വിവാഹം ചെയ്‌തു. മകൾ ആഷ്‌ലി. 

ബുഷിന്റെ കടുത്ത വിമർശകൻ  
സെനറ്റിലുണ്ടായിരുന്ന 1973–- 2009 കാലയളവിൽ അദ്ദേഹം വിദേശകാര്യ വിദഗ്ധനായി അറിയപ്പെട്ടു. വിദേശബന്ധ സമിതി ചെയർമാനായി ദീർഘകാലം പ്രവർത്തിച്ചു. ജോർജ്‌ ബുഷ്‌ സീനിയറിന്റെ ഒന്നാം ഗൾഫ്‌ യുദ്ധത്തെ എതിർത്തു. ബുഷ്‌ ജൂനിയർ ഇറാഖ്‌ യുദ്ധം കൈകാര്യം ചെയ്‌തതിലെ പിഴവുകളെയും വിമർശിച്ചു.

1987ൽ തന്നെ പ്രസിഡന്റ്‌ പദത്തിലേക്ക്‌ കണ്ണുവച്ചെങ്കിലും ഡെമോക്രാറ്റിക്‌ പ്രൈമറിയിൽ പിന്തള്ളപ്പെട്ടു. 2008ൽ വീണ്ടും ശ്രമിച്ചെങ്കിലും ഒബാമയും ഹിലരി ക്ലിന്റനും നിറഞ്ഞുനിന്ന പാർടി പ്രൈമറിയിൽ ഒരു ശതമാനം വോട്ടേ ലഭിച്ചുള്ളൂ. സ്ഥാനാർഥിത്വം ലഭിച്ച ഒബാമ, ബൈഡനെ മത്സരപങ്കാളിയാക്കി. അങ്ങനെ ഒബാമ പ്രസിഡന്റായ രണ്ടുതവണയും വൈസ്‌ പ്രസിഡന്റായി വൈറ്റ്‌ഹൗസിൽ. അക്കാലത്താണ്‌ ക്യാൻസർ ബാധിതനായി മകൻ ബിയു ബൈഡൻ 2015ൽ നാൽപ്പത്താറാം വയസ്സിൽ മരിച്ചത്‌.

Share this news

Leave a Reply

%d bloggers like this: