അയർലണ്ടിന്റെ ആകാശത്ത്‌ മണിക്കൂറുകളോളം ചുറ്റിതിരിഞ്ഞ ലോ-ഫ്ലൈയിംഗ് വിമാനം ജനങ്ങളിൽ ഭീതി പരത്തി

ഡബ്ലിൻ നിവാസികളിൽ ഭീതി പടർത്തിയിരിക്കുകയാണ് ഒരു വിമാനയാത്ര. ഡബ്ലിൻ വിമാനതാവളത്തിൽ നിന്നും യാത്ര ആരംഭിച്ച വിമാനം ലോ-ഫ്ലൈയിംഗ് വിമാനമാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയത്.

അയർലണ്ടിന്റെ ആകാശത്ത്‌ മണിക്കൂറുകകളോളം അങ്ങോട്ടുമിങ്ങോട്ടും വിമാനം ചുറ്റിതിരിഞ്ഞതാണ് ഇതിനു കാരണമായത്. നവംബർ മാസത്തിന്റെ ആദ്യ ദിനങ്ങളിൽ കണ്ട ഈ ദൃശ്യം എന്താണെന്ന് വ്യക്തമാകാത്തതു മൂലം രണ്ടാഴ്ചക്കാലത്തോളം ആളുകളിൽ അസ്വസ്ഥ ഉറഞ്ഞുനിന്നു.

ഒടുവിൽ രണ്ടാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തുവന്നത്. സെസ്ന മോഡൽ 404 ടൈറ്റൻ വിമാനം നവംബർ 3 ന് രാത്രി 11 മണിക്ക് ശേഷം ഡെർബിയിലെ ഈസ്റ്റ് മിഡ്‌ലാന്റ്സ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. രാവിലെ 6 മണിക്ക് യുകെ-യിലെ നോട്ടിംഗ്ഹാം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് അയർലണ്ടിനു മുകളിൽ പറന്നത്.

വിമാനത്തെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. മറ്റുള്ളവർ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇവയെല്ലാം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു.

ഈ കാഴ്ച ആളുകളിൽ അസ്വസ്ഥതയുണ്ടാക്കിയതായി മനസിലാക്കുകയും അതിൽ ഖേദിക്കുന്നുവെന്നും വിമാനകമ്പനി വക്താവ് പറഞ്ഞു. ഒരു സർവേയുടെ ഭാഗമായിട്ടാണ് ഇത് നടത്തിയതെന്നും അവർ സ്ഥിരീകരിച്ചു.

ബാധകമായ എല്ലാ ചട്ടങ്ങൾക്കും സിവിൽ ഏവിയേഷൻ നിയമങ്ങൾക്കും അനുസൃതമായിട്ടാണ് വിമാനയാത്ര നടത്തിയതെന്നും ആർ‌.വി‌.എൽ. ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.

വിവിധ പരിസ്ഥിതി, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കായുള്ള ചില സർവേകൾ പ്രവർത്തനപരവും സാങ്കേതികവുമായ കാരണങ്ങളാൽ രാത്രിയിൽ മാത്രമേ നടത്താൻ കഴിയൂ.

ആവശ്യമുള്ള ഡാറ്റയുടെ റെസല്യൂഷനെ ആശ്രയിച്ച് വിമാനത്തിലെ സെൻസറുകൾ വ്യത്യസ്ത വീതിയുടെ സ്ട്രിപ്പുകളിൽ ഡാറ്റ ശേഖരിക്കുന്നു. അതിനാലാണ് മുകളിലേക്കും താഴേക്കും പറക്കുന്ന രീതി ഉപയോഗിക്കുന്നത്.

ഈ സ്ട്രിപ്പുകൾ ചേർത്ത് പഠിക്കുന്നതിലൂടെ പ്രദേശത്തിന്റെ പൂർണ്ണ സർവേ തയ്യാറാക്കാൻ സാധിക്കും. രാത്രികാല ഫ്ലൈറ്റുകൾ സാധാരണയായി തെർമൽ ഡാറ്റയോ ലിഡാർ ഇമേജുകളോ ആണ് നല്കുന്നത്. ഭൂപ്രദേശത്തിന്റെ 3 ഡി മോഡലുകൾ നിർമ്മിക്കുന്നതിനായിട്ടാണ് ഇവ ഉപയോഗിക്കുക. പലപ്പോഴും പരിസ്ഥിതി ഏജൻസികളുടെ വെള്ളപ്പൊക്ക അപകടത്തിലെ മാറ്റങ്ങൾ കണക്കാക്കാനാണ്‌ ഇവ സഹായിക്കുക.

Share this news

Leave a Reply

%d bloggers like this: