2020ലെ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്‌ എഴുത്തുകാരൻ ഡഗ്ലസ്‌ സ്റ്റ്യുവർട്ടിന്‌

ആദ്യ നോവലായ ഷഗ്ഗി ബെയിനിലൂടെയാണ്‌ നാൽപ്പത്തിനാലുകാരനായ സ്റ്റ്യുവർട്ടിന്‌ അവാർഡ്‌ ലബ്‌ധി. അന്തിമ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജയായ അവ്‌നി ദോഷിയടക്കം അഞ്ചുപേരെ പിന്തള്ളിയാണ്‌ സ്റ്റ്യുവർട്ട്‌ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌.

അമിത മദ്യപാനവും സ്‌നേഹവും ഇതിവൃത്തമാകുന്ന നോവലാണ്‌ ഷഗ്ഗി ബെയിൻ. അമിത മദ്യപാനംമൂലം മരിച്ച അമ്മയ്‌ക്കാണ്‌ സ്റ്റ്യുവർട്ട്‌ പുസ്‌തകം സമർപ്പിച്ചത്‌. സ്റ്റ്യുവർട്ടിന്‌ 16 വയസ്സുള്ളപ്പോഴാണ്‌ അമ്മ മരിച്ചത്‌. ഷഗ്ഗി ബെയ്ൻ ക്ലാസിക്‌ ഗണത്തിൽ ഉൾപ്പെടുത്താവുന്ന കൃതിയാണെന്ന്‌ ജൂറി അഭിപ്രായപ്പെട്ടു. –

ഇത്‌ ഒരു സ്വപ്‌ന സാക്ഷാൽക്കാരമാണെന്ന്‌ സ്റ്റ്യുവർട്ട്‌ പ്രതികരിച്ചു. താൻ എപ്പോഴും ആഗ്രഹിച്ചത്‌ ഒരു എഴുത്തുകാരനാകണമെന്നാണ്‌.  ഈ പുരസ്കാരം തന്റെ ജീവിതം മാറ്റിമറിച്ചു. ലണ്ടനിലെ റോയൽ കോളേജ്‌ ഓഫ്‌ ആർട്ടിൽനിന്ന്‌ ബിരുദം നേടിയശേഷം ന്യൂയോർക്കിൽ ഫാഷൻ ഡിസൈനറായി ജോലി നോക്കുകയാണ്‌ സ്റ്റ്യുവർട്ട്‌.

അവ്‌നി ദോഷിയുടെ ബേൺഡ്‌ ഷുഗർ എന്ന നോവലും സിംബാബ്‌വിയൻ എഴുത്തുകാരി സിറ്റ്‌സി ദംഗരംബഗയുടെ ദിസ്‌ മൗണബിൾ ബോഡി, ഡയാൻ കുക്കിന്റെ ദ ന്യൂ വൈൽഡർനെസ്‌, മാസാ മെംഗിസ്റ്റയുടെ ദ ഷാഡോ കിങ്‌, ബ്രണ്ടൻ ടെയ്‌ലറുടെ റിയൽ ലൈഫ്‌ എന്നീ കൃതികളുമാണ്‌ പുരസ്‌കാരത്തിന്‌ അന്തിമ പട്ടികയിലുണ്ടായിരുന്നത്‌. മാർഗ്രറ്റ്‌ ബസ്‌ബി, ലീ ചൈൽഡ്‌, സമീർ റഹീം, ലെമൻ സിസേ, എമിലി വിൽസൺ തുടങ്ങിയവരടങ്ങിയ ജൂറിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. 

കോവിഡ്‌ കാരണം ഇത്തവണ ഓൺലൈനായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.  മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയും പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: