മൃഗശാലകൾക്ക് സഹായവുമായി ഐറിഷ് സർക്കാർ : 1.6 മില്യൺ യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചു

കോവിഡ് -19നെ തുടർന്ന് അസ്തിത്വ ഭീഷണി നേരിടുകയാണ് ഡബ്ലിനിലെ മൃഗശാലകൾ. ഈ പ്രതിസന്ധി മറികടക്കാൻ മൃഗശാലക്ക് 1.6 മില്യൺ യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഐറിഷ് സർക്കാർ.

പൊതുജനാരോഗ്യ പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഏകദേശം 10 മില്യൺ യൂറോയുടെ ഒരു പൊതു ധനസമാഹരണ യജ്ഞം നടത്താനുള്ള നടപടികൾ ഡബ്ലിൻ മൃഗശാലയിൽ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

കോവിഡ്-19 നെ തുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ എട്ട് മാസത്തിനിടെ സന്ദർശകരുടെ എണ്ണത്തിൽ വൻകുറവാണ് ഉണ്ടായത്. ദശലക്ഷക്കണക്കിന് യൂറോയുടെ വരുമാന നഷ്‌ടമാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്. മൃഗശാലയുടെ സംരക്ഷണയിലുള്ള മൃഗങ്ങളുടെ ആഹാരത്തിനും പരിപാലനത്തിനും ഒരു മാസം 500,000 യൂറോയാണ് ചിലവാകുക.

അധിക ധനസഹായം ലഭിച്ചില്ലെങ്കിൽ, മൃഗശാലകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും അധികൃതർ പറയുന്നു.

നാഷണൽ പാർക്ക് ആൻഡ് വൈൽഡ്ലൈഫ് സർവീസ് വഴി മൃഗശാല മേഖലയ്ക്ക് ധനസഹായം ലഭിച്ചതായി ഭവന നിർമ്മാണ മന്ത്രി ഡാരാഗോ ബ്രയനും പൈതൃക സഹമന്ത്രി മാൽക്കം നൂനനും അറിയിച്ചു.

1.1 മില്യൺ യൂറോയുടെ വിഹിതം ഡബ്ലിൻ മൃഗശാലയും കോർക്കിലെ ഫോട്ട വൈൽഡ്‌ ലൈഫ് പാർക്കും പങ്കിട്ടു. ഇത് അവരുടെ നിലവിലെ ചില ബുദ്ധിമുട്ടുകൾ നേരിടാൻ സഹായിക്കും.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കാരണം തുറക്കാൻ കഴിയാത്തതിനാൽ ഈ മേഖലയിലാകെ സാമ്പത്തിക ബുദ്ധിമുട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഭവന-തദ്ദേശഭരണ-പൈതൃക വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. മൃഗശാലകളെ സഹായിക്കാൻ ഹ്രസ്വകാല സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മൃഗശാല മേഖലയ്ക്ക് സംസ്ഥാനം സാധാരണ ധനസഹായം നൽകാറില്ല. പക്ഷേ പാൻഡെമിക് മൂലം അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞ ഈ വർഷത്തിൽ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജൈവവൈവിധ്യത്തിന്റെ ആഗോള സംരക്ഷണ ശൃംഖലകളായി, നമ്മുടെ മൃഗശാലകൾ വഹിച്ച സുപ്രധാന പങ്ക് വിസ്മരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ലിൻ മൃഗശാലയുടെ അപ്പീലിന് കാരണമായ പൊതുജന പിന്തുണ മൃഗശാലകളോട് ആളുകൾക്ക് ഉള്ള വലിയ സ്നേഹത്തിന്റെ തെളിവാണ്. മൃഗങ്ങളെ പരിപാലിക്കുന്ന സ്റ്റാഫുകളുടെ കാര്യത്തിലും മൃഗശാല അധികൃതർ ശ്രദ്ധാലുവാണ്. മൃഗശാലകളും അക്വേറിയങ്ങളും വീണ്ടും തുറന്ന് അഭിവൃദ്ധി പ്രാപിക്കുന്നതുവരെ സർക്കാർ പിന്തുണ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള മൃഗശാലകളുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിലൂടെ തൊഴിൽ സംരക്ഷണവും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കുന്നതിനുള്ള ഉത്തേജനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ധനസമാഹരണ യജ്ഞം ആരംഭിച്ചതിനുശേഷം, ഡബ്ലിൻ മൃഗശാലയുടെ പൊതുജന പിന്തുണ വർധിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ 2 മില്യൺ യൂറോയോളം സംഭാവന ലഭിക്കുകയും ചെയ്തു.

നിലവിലെ ലെവൽ 5 കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം മൃഗശാല അടച്ചിട്ടിരിക്കുകയാണ്. എന്നാൽ അതിന്റെ മൃഗസംരക്ഷണ ടീം ഇപ്പോഴും 400-ലധികം മൃഗങ്ങൾക്ക് പരിചരണം നൽകുന്നു.

Share this news

Leave a Reply

%d bloggers like this: