അങ്കമാലിയിൽ അന്തരിച്ച അയർലണ്ട് മലയാളി സജി സെബാസ്റ്റ്യന്റെ ഭൗതികശരീരം വെള്ളിയാഴ്ച ഡബ്ലിനിൽ എത്തിയ്ക്കും

ഡണ്ടാൽക്ക്: അങ്കമാലിയിൽ അന്തരിച്ച അയർലണ്ട് മലയാളി സജി സെബാസ്റ്റ്യന്റെ ഭൗതികശരീരം വെള്ളിയാഴ്ച ഡബ്ലിൻ എയർപോർട്ടിലെത്തും.
സംസ്കാരശുശ്രൂഷകളും മറ്റും പിന്നീട് തീരുമാനിക്കും. അയർലണ്ട് മലയാളികളുടെ ചരിത്രത്തിൽ ഇദം പ്രഥമമായാണ് നാട്ടിൽ വച്ച് മരണം സംഭവിച്ചതിനുശേഷം  ഭൗതികശരീരം സംസ്കാരത്തിനായി അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്.

അങ്കമാലിയിലെ സ്വവസതിയിൽ വച്ച് നവംബർ 13, വെള്ളിയാഴ്ച  പുലർച്ചെയാണു സജി സെബാസ്റ്റ്യൻ പാറേക്കാട്ടിലിന് (45) ഹൃദയാഘാതത്താൽ അന്ത്യം സംഭവിച്ചത്.
ഭൗതികശരീരം  സ്വവസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുദർശനത്തിനു വച്ചിരുന്നു.

 നേരിട്ട് അന്ത്യദർശനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി യൂട്യൂബ് ലൈവ് ഒരുക്കിയിരുന്നു.പൊതുദർശനത്തിനു ശേഷം ഭൗതികശരീരം വിമാനത്തിൽ മുംബൈയിലോട്ട് കൊണ്ടുപോയി തുടർന്ന് European Union ന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ്  അയർലണ്ടിലേക്ക് കൊണ്ടുവരുന്നത്.

U.K ആസ്ഥാനമായുള്ള ഒരു ഫ്യൂണറൽ ഏജൻസിയുടെ ഇന്ത്യൻ ശാഖയ്ക്കാണു ദേഹം മുംബൈ മുതൽ ഡബ്ലിൽ വരെ എത്തിക്കുന്നതിന്റെ മൊത്തം ഉത്തരവാദിത്വം ഉണ്ടാകുക.

നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ മാനിച്ച് അയർലണ്ടിലെ വസതിയിലേക്ക് നേരിട്ടെത്തി അനുശോചനം അറിയിക്കുന്നതിൽ നിന്ന് സുഹൃത്തുക്കൾ കഴിവതും വിട്ടുനിൽക്കണമെന്നും കുടുംബാംഗങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഡണ്ടാൽക്കിലെ മലയാളി സമൂഹം അഭ്യർത്ഥിച്ചു.

പരേതന്റെ ഭാര്യ ജെന്നി കുര്യനും മകളും ഇപ്പോൾ അയർലണ്ടിലാണ്. ജെന്നി കുര്യൻ മലയാറ്റൂർ നെടുങ്കണ്ടത്തിൽ കുടുംബാംഗമാണ്.

 ജെന്നിയുടെ മാതാപിതാക്കളും
സഹോദരങ്ങളും സജി സെബാസ്റ്റ്യന്റെ സഹോദരി അമൽ സെബാസ്റ്റ്യനും ഓസ്ട്രേലിയയിൽ  ആയതിനാൽ ആർക്കുംതന്നെ അയർലണ്ടിൽ നടക്കാനിരിക്കുന്ന ശവസംസ്കാര ചടങ്ങിൽ പങ്കുകൊള്ളാൻ നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ലെന്നു കരുതുന്നു.
കാനഡയിലുള്ള സജി സെബാസ്റ്റ്യന്റെ സഹോദരൻ ഫാ. അജി സെബാസ്റ്റ്യനും അയർലണ്ടിലോട്ട് പോകാൻ കഴിയില്ല.

ഡണ്ടാൽക്കിലെ സെയ്ന്റ് ഒലിവർ പ്ലങ്കറ്റ് എച്ച്.എസ്. ഇ നേഴ്സിംഗ് ഹോമിൽ സ്റ്റാഫ് നേഴ്സായിരുന്നു അന്തരിച്ച സജി സെബാസ്റ്റ്യൻ. ഭാര്യ ജെന്നി സെബാസ്റ്റ്യനും അതേ സ്ഥാപനിത്തിൽ സ്റ്റാഫ് നേഴ്സായി ജോലി നോക്കുന്നു.

 വാർദ്ധക്യത്തിൽ കഴിയുന്ന പിതാവിനെ കാണാൻ രണ്ടാഴ്ച മുമ്പ്  അങ്കമാലിയിൽ എത്തി , പിതാവുമൊത്ത് കഴിയുമ്പോൾ ആണു് സജി സെബാസ്റ്റ്യന്റെ മരണം സംഭവിച്ചത്.

സജി സെബാസ്റ്റ്യന്റെ പിതാവ് അങ്കമാലി വളവി റോഡ് പാറേക്കാട്ടിൽ സെബാസ്റ്റ്യൻ ( ദേവസ്സിക്കുട്ടി) ആണു്. അമ്മ മേരി.
സജി – ജെന്നി ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. പാട്രിക്, ജെറാൾഡ്, അലക്സ്.

Share this news

Leave a Reply

%d bloggers like this: