കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത; യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ, അതീവ ജാഗത നിർദേശങ്ങൾ

തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതിനാൽ സർക്കാർ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പ്‌ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ കാറ്റിന്റെ ശക്തി എത്രയെന്നതിൽ വരും മണിക്കൂറുകളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പാണ്‌ പുരോഗമിക്കുന്നത്. തിരുവനന്തപുരംമുതൽ എറണാകുളംവരെ ക്യാമ്പുകൾ സജ്ജമാക്കുന്നത് ഉൾപ്പെടെ തയ്യാറെടുപ്പ് പൂർത്തിയാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി.

കാറ്റ് ശക്തിപ്പെടുന്ന സഹചര്യത്തിൽ അടച്ചുറപ്പില്ലാത്തതും ശക്തമായ മേൽക്കൂരയില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കും. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നേവിയോടും കോസ്റ്റ്ഗാർഡിനോടും കേരളതീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലുകൾ സജ്ജമാക്കി നിർത്താനും വ്യോമസേനയോട് ഹെലികോപ്‌റ്ററും ഫിക്സഡ് വിങ് എയർക്രാഫ്റ്റും സജ്ജമാക്കാനും ആവശ്യപ്പെട്ടു. ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴു ടീമിനെ അധികമായും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനമർദം ചുഴലിക്കാറ്റാകും
തെക്കൻ കേരളത്തിലും -തെക്കൻ തമിഴ്നാട് തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. കേരളത്തിൽ അതിതീവ്ര മഴയുണ്ടാകും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം മണിക്കൂറിൽ 12 കിലോമീറ്റർ വേഗത്തിൽ വടക്കു-പടിഞ്ഞാറ് ദിശയിലാണ്‌. നിലവിൽ ശ്രീലങ്കൻ തീരത്ത് നിന്ന് 680 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 1090 കിലോമീറ്ററും ദൂരെയാണ്‌. ചുഴലിക്കാറ്റായി വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്ത്‌ എത്തും.

വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 204.5 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കും. ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്‌ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട്‌ (അതിശക്തമായ മഴ).

ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ബുധനാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വ്യാഴാഴ്‌ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മഞ്ഞ അലർട്ടാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-–-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ആരും കടലിൽ പോകരുത്.

Share this news

Leave a Reply

%d bloggers like this: