അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സന്ദർശകർക്ക് അനുമതി; ആഴ്ചയിൽ ഒന്ന് വീതം

അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സന്ദർശകർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി നഴ്സിംഗ് ഹോമുകളിലേക്ക് സന്ദർശകർക്ക് അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. എന്നാൽ നഴ്സിംഗ് ഹോമുകളിൽ സന്ദർശകരെ അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (HSPC). നഴ്സിംഗ് ഹോമുകൾ സന്ദർശകരെ അനുവദിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും വകുപ്പ് പുറത്തിറക്കി.

ലെവൽ 3, 4 എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് നഴ്സിംഗ് ഹോമുകളിൽ ആഴ്ചയിൽ ഒരു തവണ സന്ദർശനാനുമതി ലഭിക്കുമെന്ന് ഈ മാർഗ്ഗനിർദ്ദേശം വ്യക്തമാക്കുന്നു. ലെവൽ 5 ൽ നിന്നുള്ളവർക്ക് ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു സന്ദർശനം അനുവദനീയമാണ്.

അനുകമ്പാർ‌ത്ഥമായ കാരണങ്ങളാലാണ് ഇവ അനുവദനീയമാക്കിയത്.
നിലവിൽ ലെവൽ 3 മുതൽ 5 വരെ വിൻഡോ സന്ദർശനങ്ങൾ മാത്രമേ അനുവദിച്ചിട്ടുണ്ടായിരുന്നുള്ളൂ.

നഴ്സിംഗ് ഹോം ജീവനക്കാർക്ക് ഇത് ഒരു പ്രയാസകരമായ വർഷമാണ്. നഴ്സിംഗ് ഹോമുകളിൽ താമസിക്കുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും ക്ഷേമവും സുരക്ഷയും ആയിരിക്കും മുൻ‌ഗണനയെന്നും ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊനെല്ലി പറഞ്ഞു.

സാമൂഹിക ഇടപെടൽ, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുക തുടങ്ങിയ കാര്യങ്ങൾ താമസക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമാണെന്ന് മാനസികാരോഗ്യ-വയോജന വകുപ്പു സഹമന്ത്രി മേരി ബട്‌ലർ പറഞ്ഞു.

നിർഭാഗ്യവശാൽ കോവിഡ് -19 ഉയർത്തുന്ന അപകടസാധ്യതയ്ക്കൊപ്പം തന്നെ നാമെല്ലാവരും ഈ വർഷം ക്രിസ്മസ് ആഘോഷിക്കേണ്ടി വരും. പുതിയ സന്ദർശന മാർഗ്ഗനിർദ്ദേശം നിയന്ത്രിതമായ സാമൂഹിക ഇടപെടലിനും കുടുംബക്കാരെ കാണുന്നതിനുമുള്ള സാഹചര്യം നൽകുന്നതായും ബട്‌ലർ പ്രസ്താവനയിൽ പറഞ്ഞു.

സന്ദർശകരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നത് ഒരു തലത്തിലും ആവശ്യമില്ലെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മുതിർന്നയാളോടൊപ്പം കുട്ടികൾക്കും പ്രവേശനാനുമതി ലഭിക്കും. ആവശ്യമെങ്കിൽ സന്ദർശകർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ(PPE) നൽകും.

ക്രിസ്മസ് കാലഘട്ടത്തിൽ നഴ്സിംഗ് ഹോമുകൾ സന്ദർശിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാരുമായും ബന്ധപ്പെട്ട വകുപ്പുമായും കൂടിക്കാഴ്ച നടത്തുമെന്ന് എച്ച്.എസ്.ഇ. കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു.

പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും സന്ദർശനങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. പ്രത്യേകിച്ച് ദുർബലരായ ഒരു ജനസംഖ്യയിൽ ഇത് ചെലുത്തുന്ന സ്വാധീനം വളരെ വ്യക്തമാണെന്നും ചീഫ് ഓപ്പറേഷൻ ഓഫീസർ ഡോ. കോൾം ഹെൻ‌റി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: