അയർലണ്ടിൽ യാത്രാ പരിധി ലംഘിച്ചാൽ 100 യൂറോ പിഴ ഈടാക്കാൻ ഗാർഡയ്ക്ക് അധികാരം

കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയനിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ ഈടാക്കാവുന്ന തരത്തില്‍ ഗാര്‍ഡയെ അധികാരപ്പെടുത്തി സര്‍ക്കാര്‍. പലരും നിയന്ത്രണങ്ങള്‍ ലംഘിക്കുകയും, അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പുതിയ അധികാരം ഉപയോഗിച്ച് മാസ്‌ക് ധരിക്കാതെ യാത്രക്കാരെ കൊണ്ടുപോകുന്ന ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കാന്‍ ഗാര്‍ഡയ്ക്ക് കഴിയും. റീട്ടെയില്‍ ജോലിക്കാര്‍, മാനേജര്‍ എന്നിവരും മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഗാര്‍ഡ പിഴ ഈടാക്കും. നിയന്ത്രിത പരിധിക്കപ്പുറം അനാവശ്യമായി യാത്ര ചെയ്യുന്നവരില്‍ നിന്നും 100 യൂറോ പിഴ ഈടാക്കാനാണ് പുതിയ അധികാരം അനുശാസിക്കുന്നത്. മാസ്‌ക് ധരിക്കാതെയാണ് യാത്രയെങ്കില്‍ 80 യൂറോ പിഴ അടപ്പിക്കാം.

മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കാനുള്ള അധികാരം ഒരു മാസം മുമ്പേ ഗാര്‍ഡയ്ക്ക് ലഭിച്ചതാണ്. ആവശ്യമായി IT സപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് പരിധി ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കാന്‍ സാഹചര്യമൊരുങ്ങിയത്. തിങ്കളാഴ്ച മുതല്‍ ഗാര്‍ഡ ഇത്തരത്തില്‍ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. 1947-ലെ ആരോഗ്യ നിയമത്തിലുള്ള 31 A അനുച്ഛേദം അനുസരിച്ചാണ് പിഴ നടപടി. നിയന്ത്രണപരിധി ലംഘിച്ച് യാത്ര ചെയ്യുന്നവരോട് തിരികെ പോകാന്‍ ആവശ്യപ്പെടുകയും, ഇതിന് തയ്യാറാകാതിരിക്കുന്നവരില്‍ നിന്നും 100 യൂറോ പിഴ ഈടാക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഗാര്‍ഡയുടെ വെബ്‌സൈറ്റ് വഴി പിഴ അടയ്ക്കാവുന്നതാണ്. അതേസമയം അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ കര്‍ശന നടപടികള്‍ സ്വീകരിക്കൂവെന്ന് ഗാര്‍ഡ അറിയിച്ചു. എല്ലാവരും സ്വയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് ഗാര്‍ഡ ഡെപ്യൂട്ടി കമ്മിഷണര്‍ John Twomey പറഞ്ഞു.

കൃത്യമായ കാരണം ഉണ്ടെങ്കില്‍ യാത്രയ്ക്ക് തടസമില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കിയിട്ടുണ്ട്. ഷോപ്പിങ്, അത്യാവശ്യ ജോലി, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയവ അതില്‍പ്പെടും. ഗാര്‍ഹിക പീഢനം അനുഭവിക്കുന്നവര്‍ സംരക്ഷണം തേടി യാത്ര ചെയ്യുന്നതിലും ഇളവുണ്ട്. സ്വന്തം വീടിന്റെ 5 കിലോമീറ്റര്‍ പരിധിയിലെ യാത്രകള്‍ക്ക് തടസമില്ല.

നേരത്തെ യാത്രാപരിധി ലംഘിക്കുന്നവരെ ക്രിമിനല്‍ വിചാരണയ്ക്കായി Director of Public Prosecutors-ന് കൈമാറാനുള്ള അധികാരം മാത്രമേ ഗാര്‍ഡയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച കാവന്‍, ലെയ്ട്രിം, ടിപ്പററി എന്നിവിടങ്ങളില്‍ ചിലരില്‍ നിന്നും ഇത്തരത്തില്‍ പിഴ ഈടാക്കിയതായി ഗാര്‍ഡ റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: