Revoult, N26 തുടങ്ങിയവയെ നേരിടാൻ സ്വന്തം ‘പേയ്മെൻറ്സ് ആപ്പു’മായി ഐറിഷ് ബാങ്കുകൾ

Revoult, N26 തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ക്ക് തടയിടാന്‍ സ്വന്തം ആപ്പ് വികസിപ്പിക്കാനൊരുങ്ങി ഐറിഷ് ബാങ്കുകള്‍. ആപ്പ് സംബന്ധിച്ചുളള വിശദമായ പ്ലാന്‍ Competition and Consumer Protection Commision (CCPC)-ന് സമര്‍പ്പിച്ച ബാങ്കുകള്‍, ആപ്പിലൂടെ കൂടുതല്‍ സൗകര്യപ്രദമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുമെന്നാണ് പറയുന്നത്. നിലവിലെ കോംപറ്റീഷന്‍ നിയമത്തിന് എതിരല്ല ഈ പദ്ധതിയെന്ന് ബോധ്യപ്പെട്ടാല്‍ അധികൃതര്‍ ആപ്പ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കും.

AIB, Bank of Ireland, Permanent TSB, KBC Bank Ireland എന്നീ ബാങ്കുകളാണ് പദ്ധതിക്ക് പിന്നില്‍. മറ്റ് ബാങ്കുകള്‍ക്കും സംരഭത്തില്‍ പങ്കാളികളാകാന്‍ ക്ഷണമുണ്ട്. Banking and Payments Federation Ireland (BPFI) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

ജനങ്ങള്‍ കൂടുതലായും Revoult, N26 പോലുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നത് തങ്ങളുടെ മണി ട്രാന്‍സ്ഫര്‍ സര്‍വീസുകള്‍ക്ക് ഭീഷണിയാണെന്നാണ് ബാങ്കുകള്‍ കരുതുന്നത്. Synch Payments DAC എന്ന പേരില്‍ ആരംഭിച്ച കമ്പനിയാണ് പുതിയ ആപ്പിന് രൂപം നല്‍കുക. ആപ്പിലൂടെ എല്ലാ പ്രധാന ബാങ്കുകളുടെയും ഉപഭോക്താക്കള്‍ക്ക്, സ്വന്തം ബാങ്കിന്റെയും, മറ്റ് ബാങ്കുകളുടെയും അക്കൗണ്ടുകളിലേയ്ക്ക് ഉടനടി പണം അയയ്ക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്നും, ക്രമേണ ബിസിനസ് അക്കൗണ്ടുകളിലേയ്ക്ക് സര്‍വീസ് വ്യാപിപ്പിക്കുമെന്നും ബാങ്കുകള്‍ പറയുന്നു.

അയര്‍ലണ്ടില്‍ 1 മില്യണിലധികം ആളുകള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനായി Revoult ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. കോവിഡ് കാരണം പേയ്‌മെന്റുകളെല്ലാം ഓണ്‍ലൈനായതോടെ Apple, Google Pay ഉപയോക്താക്കളും വര്‍ദ്ധിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: