Phoenix Park-ലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാൻ കർശന നിർദ്ദേശങ്ങളുമായി അധികൃതർ; കാർ ഗതാഗതം നിരോധിക്കും; ചരിത്രത്തിലാദ്യമായി പാർക്കിനുള്ളിൽ ബസ് സർവീസ്

ഡബ്ലിനിലെ Phonex Park-ല്‍ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദ്ദേശവുമായി Public Works Office അധികൃതര്‍. കാറുകളുടെ നിയന്ത്രണം, സൈഡ് റോഡുകളിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം, വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ പരമാവധി 30 കിലോമീറ്ററായി നിജപ്പെടുത്തുക അടക്കം ചരിത്രത്തില്‍ ആദ്യമായി പാര്‍ക്കില്‍ ബസ് സര്‍വീസ് വേണമെന്നതക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. 700 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന Phoenix Park-ല്‍ നടത്തം, സൈക്ലിങ് എന്നിവയ്ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന തരത്തിലാണ് നിര്‍ദ്ദേശങ്ങള്‍.

കോവിഡ് കാരണം അടച്ചിട്ട സൈഡ് ഗേറ്റുകള്‍ കാര്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അതോടെ പാര്‍ക്കിനെ നഗരത്തിന്റെ ‘ഹരിത ശ്വാസകോശ’മായി നിലനിര്‍ത്തുന്നതിനായി ഗേറ്റുകളിലൂടെ കാര്‍ ഗതാഗതം അനുവദിക്കില്ലെന്ന് Public Works Office വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ എതിര്‍ത്ത് മന്ത്രി Patrick O’Donovan രംഗത്തെത്തുകയും, ജോലിക്ക് പോകുന്ന പലര്‍ക്കും ഈ നടപടി അസൗകര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഗതാഗത നിയന്ത്രണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

പുതിയ നിര്‍ദ്ദേശപ്രകാരം Chesterfield ഏരിയ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇവിടെയും 30 kmph നിയന്ത്രണം നടപ്പിലാക്കും. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യാനുള്ള ഇടങ്ങളും വര്‍ദ്ധിപ്പിക്കും.

സൈഡ് റോഡുകള്‍ വഴിയുള്ള ഗതാഗതം നിരോധിക്കുമെങ്കിലും പാര്‍ക്കിനകത്തുള്ള ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സെന്റ് മേരീസ് ഹോസ്പിറ്റല്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇളവ് ലഭിക്കും. Knockmaroon ഗേറ്റ് വഴി ഏതാനും ദൂരം മാത്രമേ കാറുകള്‍ക്ക് സഞ്ചരിക്കാനാകൂ. Cabra ഗേറ്റ് പൂര്‍ണ്ണമായും പുതിയ ബസ് സര്‍വീസിന് മാത്രമായി തുറന്നു നല്‍കും.

ഡബ്ലിന്‍ മൃഗശാല മുതല്‍ Phonix Park Visitor’s Centre വരെ അങ്ങോട്ടും ഇങ്ങോട്ടും സര്‍വീസ് നടത്തുന്ന രീതിയിലാണ് പുതിയ ബസ് റൂട്ട്. ഈ റൂട്ട് Broombridge-ലെയും, Heuston-ലെയും ലുവാസ്, റെയില്‍ കണക്ഷനുകളുമായും, മറ്റ് ബസ് സര്‍വീസുകളുമായും ബന്ധിപ്പിക്കും. ഇതാദ്യമായാണ് പാര്‍ക്കിനകത്ത് മുഴുവന്‍ സമയ ബസ് സര്‍വീസ് ആരംഭിക്കുന്നത്.

Chesterfield Avenue-വിലെ കാര്‍ പാര്‍ക്കിങ് എടത്തുകളയുന്നതോടെ ഇതിനായി പുതിയ സ്ഥലം കണ്ടെത്തേണ്ടിവരും. കോവിഡ് യാത്രാ നിയന്ത്രണങ്ങല്‍ കാരണം ഈ പാര്‍ക്കിങ് സ്‌പേസുകള്‍ സൈക്കിള്‍ ലെയ്‌നുകളാക്കിയിരിക്കുകയാണ് അധികൃതര്‍.

പാര്‍ക്കിലെ ജൈവവവിദ്ധ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നിർദ്ദേശങ്ങള്‍. ജനുവരി 29 മുതല്‍ മാര്‍ച്ച് 12 വരെ ഈ നിര്‍ദ്ദേശങ്ങളില്‍ ജനങ്ങള്‍ക്ക് അഭിപ്രായങ്ങളറിയിക്കാം. ഇതിന് ശേഷമേ നടപടികള്‍ നടപ്പില്‍ വരുത്തുകയുള്ളൂ.

Share this news

Leave a Reply

%d bloggers like this: