അയർലണ്ടിൽ സൂപ്പർ മാർക്കറ്റ് വൗച്ചറുകളിലെ സൗജന്യം ഉപയോഗിച്ച് ഇനി മദ്യം വാങ്ങാൻ കഴിയില്ല

സൂപ്പര്‍മാര്‍ക്കറ്റ് വൗച്ചറുകളിലെ സൗജന്യംഉപയോഗിച്ച് മദ്യം വാങ്ങുന്നതിന് അയര്‍ലണ്ടില്‍ നിരോധനം. മദ്യം പോലുള്ള വസ്തുക്കള്‍ വില കുറച്ചു ലഭിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പുതിയ നടപടി. നിരോധനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.

മറ്റ് പലചരക്ക് വസ്തുക്കള്‍ പോലെ മദ്യവും വൗച്ചറുകൾ ഉപയോഗിച്ച് വാങ്ങാൻ അനുവദിക്കുന്ന  സ്‌കീമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതിനൊപ്പം മറ്റ് സാധനങ്ങള്‍ക്കൊപ്പമോ സേവനത്തിനൊപ്പമോ മദ്യം വാങ്ങുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടും നിര്‍ത്തലാക്കിയിട്ടുണ്ട്.

പുതിയ നിയന്ത്രണം നിലവില്‍ വന്നതോടെ ചെറിയ തുകയ്ക്ക് മദ്യം ലഭിക്കാതെ വരും. ഇത് കുട്ടികള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങുന്നത് വൈകിപ്പിക്കാന്‍ സഹായകമാകുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly പ്രതികരിച്ചു. ‘പോക്കറ്റ് മണി’ ഉപയോഗിച്ച് ആര്‍ക്കും മദ്യം വാങ്ങാമെന്ന സ്ഥിതിവിശേഷത്തിന് ഇതോടെ അന്ത്യമാകുമെന്നും, രാജ്യത്ത് മദ്യം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ കുറവ് വരുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ നിയമപ്രകാരം മദ്യത്തിനെതിരായ ആദ്യ നടപടി വന്നത് 2019 നവംബറിലായിരുന്നു. ഈ ഭേദഗതിയിലൂടെ സ്‌കൂളുകളുടെ 200 മീറ്റര്‍ ചുറ്റളവിലെ ബസ് സ്‌റ്റോപ്പുകളില്‍ മദ്യത്തിന്റെ പരസ്യം ചെയ്യുന്നത് നിരോധിച്ചു. തിയറ്ററുകളിലെ ചില സിനിമകളുടെ പ്രദര്‍ശന സമയത്ത് മദ്യത്തിന്റെ പരസ്യം പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. തുടര്‍ന്ന് 2020 നവംബറില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ മദ്യ റാക്കുകള്‍ പ്രത്യേകമായി ബാരിയറുകള്‍ ഉപയോഗിച്ച് തരംതിരിച്ച്, 1.2 മീറ്ററെങ്കിലും ഉയരത്തിലാക്കണമെന്ന് നിര്‍ദ്ദേശമെത്തി. സ്‌പോര്‍ട്‌സ്, കുട്ടികള്‍ക്കായുള്ള പരിപാടികളില്‍, റേസിങ് സ്‌പോര്‍ട്‌സ് പരിപാടികള്‍ എന്നിവയിലും മദ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: