യൂറോപ്യൻ ഉപയോക്താക്കൾ ഫേസ്ബുക്കുമായി സ്വകാര്യ വിവരങ്ങൾ ഷെയർ ചെയ്യേണ്ടതില്ലെന്ന് വാട്സാപ്പ്

യൂറോപ്പിലെ ഉപയോക്താക്കള്‍ ഫേസ്ബുക്കുമായി സ്വകാര്യ വിവരങ്ങൾ (Private data) ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് വാട്‌സാപ്പ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്‌സാപ്പ് ഉടമസ്ഥരായ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യുന്ന തരത്തില്‍ ഫെബ്രുവരി 8-ന് വാട്‌സാപ്പ് തങ്ങളുടെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തുന്നുവെന്നത് ഉപയോക്താക്കള്‍ക്കിടയില്‍ കല്ലുകടിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യൂറോപ്പിലെ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്ന വിശദീകരണവുമായി വാട്‌സാപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലായി 2 ബില്യണിലധികം പേരാണ് വാട്‌സാപ്പ് മെസേജിങ് സര്‍വീസ് ഉപയോഗിക്കുന്നത്.

ഫെബ്രുവരി 8-ന് നിലവില്‍ വരുന്ന പുതിയ പ്രൈവസി പോളിസി പ്രകാരം ഫോണിലെ കോണ്‍ടാക്ട്‌സ്, ഫോണ്‍ നമ്പറുകള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ഉടമകളായ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയാണ് വാട്‌സാപ്പ്. അല്ലാത്ത പക്ഷം വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. തീരുമാനം വിവാദമായ സാഹചര്യത്തില്‍ യൂറോപ്പിലെ ഉപയോക്താക്കള്‍ക്കായി പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയതായും, ഇത് പ്രകാരം ഡാറ്റ് ഷെയര്‍ ചെയ്യാതെ തന്നെ വാട്‌സാപ്പ് ഉപയോഗിക്കാമെന്നുമാണ് വാട്‌സാപ്പിന്റെ ഐറിഷ് ഓഫീസ് അറിയിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും ഡാറ്റ ഷെയര്‍ ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ Irish Data Protection Commission-നുമായി കൂടിയാലോചിച്ച ശേഷം മാത്രമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഉപയോക്താക്കള്‍ക്ക് പ്രൊഡക്ടുകള്‍, പരസ്യങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ മികച്ച അനുഭവം നല്‍കാനാണ് ഫേസ്ബുക്കുമായി ഡാറ്റ കൈമാറുന്നതെന്നാണ് വാട്‌സാപ്പ് പറയുന്നത്. ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമേ പുതിയ പ്രൈവസി പോളിസി പ്രകാരം മാറ്റം വരൂ എന്നും വാട്‌സാപ്പ് പ്രസ്താവനയിറക്കിയിരുന്നു.

2014-ലാണ് 19 ബില്യണ്‍ യൂറോയ്ക്ക് ഫേസ്ബുക്ക് വാട്‌സാപ്പിനെ ഏറ്റെടുക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളില്‍ കൈകടത്തില്ലെന്ന് അന്ന് ഫേസ്ബുക്ക് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങളില്‍ ഫേസ്ബുക്ക് കൈകടത്തുന്നതായി വാട്‌സാപ്പിന്റെ മുന്‍ ഉടമയും, സ്ഥാപകരിലൊരാളുമായ Brian Acton-ഉം സമ്മതിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: