അയര്‍ലണ്ടിലെ കുപ്രസിദ്ധമായ മദര്‍ ആന്‍ഡ് ബേബി ഹോമുകളെക്കുറിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് തയ്യാറായി; അന്തേവാസികളോട് ക്ഷമാപണം നടത്താനും, സാമ്പത്തിക-ചികിത്സാ സഹായങ്ങള്‍ നല്‍കാനും സര്‍ക്കാരിന് നിര്‍ദ്ദേശം

അയര്‍ലണ്ടിലെ മദര്‍ ആന്‍ഡ് ബേബി ഹോമുകളിലെ മുൻ അന്തേവാസികള്‍ക്ക് തങ്ങളുടെ ജനനത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നും, സര്‍ക്കാര്‍ ഇവരോട് മാപ്പ് ചോദിക്കണമെന്നും നിര്‍ദ്ദേശിച്ച് Mother and Baby Homes Commission of Investigation-ന്റെ അന്തിമ റിപ്പോര്‍ട്ട്. 1922 മുതല്‍ 1998 വരെ രാജ്യത്തെ 14 മദര്‍ ആന്‍ഡ് ബേബി ഹോമുകളിലും, നാല് കൗണ്ടി ഹോമുകളിലും കഴിഞ്ഞ സ്ത്രീകളും കുട്ടികളും അനുഭവിച്ച ക്രൂരതകളെപ്പറ്റിയുള്ള 2,865 പേജ് നീളുന്ന വിശദമായ റിപ്പോര്‍ട്ടാണ് സമിതി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. ഈ ഹോമുകളിലായി 9,000 കുട്ടികള്‍ മരണപ്പെട്ടതായും, ആകെ കുട്ടികളുടെ 15% വരും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

1960-ന് മുമ്പുള്ള കാലഘട്ടത്തില്‍ ‘നിയമവിരുദ്ധമായി’ ജനിക്കുന്ന കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഹോമുകളിലെ ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും, ഈ കുട്ടികളുടെ അതിജീവനം ഇല്ലാതാക്കാന്‍ ശ്രമിച്ചതായും, ഇക്കാര്യങ്ങള്‍ പ്രാദേശിക-ദേശീയ അധികാരികള്‍ക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികളുടെ ശാരീരികാവശിഷ്ടങ്ങള്‍ ടിപ്പററിയിലെ Sean Ross-ലും കണ്ടെത്തിയതായും, ഇവ ശവപ്പെട്ടികളില്‍ അടക്കം ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗോള്‍വേയിലെ Tuam-ല്‍ നേരത്തെ സെപ്റ്റിക് ടാങ്ക് ചേംബറിലായിരുന്നു കുട്ടികളുടെ ശാരീരിക അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്.

1931 മുതല്‍ 1969 വരെയായിരുന്നു Sean Ross Mother and Baby Home-ന്റെ പ്രവര്‍ത്തനം. Order of the Sisters of the Sacred Hearts of Jesus and Mary ആയിരുന്നു അധികാരികള്‍. ഇവിടെ മരണപ്പെട്ട എല്ലാ കുട്ടികളും ഒരു വയസിന് താഴെ പ്രായമായിരുന്നവരായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലണ്ടിലെ മദര്‍ ആന്‍ഡ് ബേബി ഹോമുകളില്‍ 56,000 അവിവാഹിതരായ അമ്മമാരും, 57,000 കുഞ്ഞുങ്ങളും ഉണ്ടായിരുന്നുവെന്ന് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം രജിസ്റ്റര്‍ ചെയ്യാത്ത 25,000 അവിവാഹിതകളായ അമ്മമാരും, അതിലേറെ കുട്ടികളും ഈ ഹോമുകളില്‍ ഉണ്ടായിരുന്നിരിക്കാമെന്നും കമ്മിഷന്‍ അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ ലോകത്തെ ഇത്തരം ഹോമുകളില്‍ ഏറ്റവും കൂടുതല്‍ അവിവാഹിതകളായ അമ്മമാരും കുട്ടികളും ഉണ്ടായിരുന്നത് അയര്‍ലണ്ടിലായിരിക്കും. ഇതില്‍ 12 മുതല്‍ 40 വരെ പ്രായമുള്ള അമ്മമാരുണ്ടായിരുന്നു. ഭൂരിഭാഗം പേരും (80%) 18-നും 29-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

ഹോമുകളിലെ മുന്‍ അന്തേവാസികള്‍ക്ക് സാമ്പത്തിക സഹായവും, ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു. അധികൃതരുടെ മാപ്പപേക്ഷ വേണമെന്ന് ചില അന്തേവാസികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതില്‍ പലരും ഇന്ന് നല്ല നിലയില്‍ ജീവിക്കുന്നതായും കമ്മിഷന്‍ വിലയിരുത്തി. ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍ ഇന്ന് നടക്കുന്ന Dail-ല്‍ ക്ഷമാപണ പ്രസംഗം വായിക്കുമെന്നാണ് പ്രതീക്ഷ.

ഹോമുകളിലെ പല കുട്ടികളെയും യു.കെ, യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ ദത്തെടുത്തതായും കമ്മിഷന്‍ കണ്ടെത്തി. ഈ കുട്ടികള്‍ക്ക് തങ്ങളുടെ ജനനത്തെപ്പറ്റിയും, മാതാപിതാക്കളെപ്പറ്റിയും അറിയാന്‍ അവകാശമുണ്ടെന്നും, അതിനായി സര്‍ക്കാര്‍ സൗകര്യം ചെയ്തു നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തണം. ഈ ആവശ്യങ്ങള്‍ ഇതുവരെ വേണ്ടവിധം പരിഗണിക്കാതിരുന്ന Child and Family Agency (Tusla)-യെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പല ഹോമുകളിലും മരണപ്പെട്ട കുട്ടികളെ അടക്കം ചെയ്തിരിക്കുന്നത് എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലരെയും അടയാളമില്ലാത്ത ഇടങ്ങളിലാകാം അടക്കം ചെയ്തിരിക്കുന്നത്. മരണപ്പെട്ട കുട്ടികളില്‍ 899 പേരുടെ പ്രായം തിരിച്ചറിയാനുള്ള രേഖകള്‍ മാത്രമേ ഹോമുകളില്‍ നിന്നും ലഭ്യമായിട്ടുള്ളൂ.

Tuam-ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Bon Secours Home-ലെ 800 കുട്ടികളെ അടക്കം ചെയ്ത സ്ഥലം, ചരിത്രകാരിയായ Catherine Corless കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയര്‍ലണ്ടിലെ മദര്‍ ആന്‍ഡ് ബേബി ഹോമുകളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന കൊടും ക്രൂരതകള്‍ പുറം ലോകം അറിയുന്നത്. Tuam-ല്‍ 2016 നവംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ നടന്ന പര്യവേക്ഷണത്തില്‍ 35 ആഴ്ച മുതല്‍ 3 വയസുവരെ പ്രായമുള്ള നിരവധി കുഞ്ഞുങ്ങളുടെ ശാരീരക അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കുകയും, അയര്‍ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും സമാനമായ ക്രൂരത അരങ്ങേറിയതായി കണ്ടെത്തുകയുമായിരുന്നു. Tuam-ല്‍ 978 കുഞ്ഞുങ്ങള്‍ മരണപ്പെട്ടതായാണ് കമ്മിഷന്‍ കണ്ടെത്തിയത്.

ഹോമുകളിലെ കുട്ടികളുടെ ശരീരത്തില്‍ ലൈംഗികമായ ചൂഷണങ്ങളുടെ തെളിവുകളില്ലെങ്കിലും, ഇവര്‍ ക്രൂരമായ ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയാക്കപ്പെട്ടതായി കമ്മിഷന്‍ കണ്ടെത്തി. അവിവാഹിതരായി ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികള്‍ മതത്തിനും സമൂഹത്തിനും അപമാനമാണെന്ന് വിധിക്കപ്പെടുകയും, കുടുംബക്കാര്‍ ഉപേക്ഷിക്കുന്നതോടെ ഇത്തരം ഹോമുകളില്‍ എത്തപ്പെടുകയുമായിരുന്നു അക്കാലത്തെ സ്ഥിതിവിശേഷം. ചിലരെ കുടുംബക്കാര്‍ തന്നെ ഇവിടെ കൊണ്ടു തള്ളുകയും ചെയ്തിരുന്നു. ഹോമുകളിലെ അമ്മമാരില്‍ 11.4% പേരും 18 വയസില്‍ താഴെയുള്ളവരായിരുന്നു. പ്രസവത്തിനോ, കുഞ്ഞുങ്ങള്‍ ജനിച്ച ശേഷമോ ഹോം അധികൃതര്‍ കൃത്യമായ പരിചരണം നല്‍കിയിരുന്നില്ല. ഇതിനാല്‍ തന്നെ പല കുട്ടികളും പ്രസവത്തില്‍ തന്നെയോ, ഏതാനും മാസങ്ങള്‍ക്ക് ശേഷമോ മരണപ്പെടുകയും ചെയ്തു. സഭയും, സര്‍ക്കാരുമാണ് ഈ ഹോമുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സംരക്ഷണം എന്ന നിലയ്ക്കായിരുന്നു ഹോമുകള്‍ പ്രവര്‍ത്തിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ മിക്കവരും ദുരിതത്തില്‍പ്പെട്ട് ഉഴലുകയായിരുന്നു ഇവിടെ എന്നാണ് വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട് അയര്‍ലണ്ടിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും, സത്യം പുറത്തുകൊണ്ടുവരാന്‍ കമ്മിഷന് കഴിഞ്ഞെന്നും ശിശുക്ഷേമ വകുപ്പ് മന്ത്രി Roderic O’Gorman പ്രതികരിച്ചു. റിപ്പോര്‍ട്ടിന് വലി പ്രാധാന്യം നല്‍കുന്നതായും, മുന്‍ അന്തേവാസികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കാന്‍ സന്നദ്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: