Beaumount ,Tallaght ആശുപത്രികളിൽ വൻ ചൈനീസ് നിക്ഷേപം

കെട്ടിട നിര്‍മ്മാണ ബിസിനസുകാരനായ Richard Barrett-ന്റെ Bartra Capital നിര്‍മ്മിക്കുന്ന സോഷ്യല്‍ ഹൗസിങ് പദ്ധതികളില്‍ നിക്ഷേപം നടത്തി ചൈനീസ് നിക്ഷേപകര്‍. ഓരോ പദ്ധതിയിലും 1 മില്യണ്‍ യൂറോ വീതം നിക്ഷേപിക്കുകയും, പകരമായി അയര്‍ലണ്ടില്‍ ജീവിക്കാനുള്ള അവകാശം നേടിയെടുക്കുകയുമാണ് ചൈനീസ് നിക്ഷേപകര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ Immigrant Investor Programme (IIP)-ന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിക്ഷേപം നടത്തുകയോ, ചാരിറ്റികള്‍ക്ക് സംഭാവന നല്‍കുകയോ ചെയ്യുന്ന യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പൗരന്മാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം അയര്‍ലണ്ടില്‍ കഴിയാമെന്നാണ് നിയമം. ഇത് ഉപയോഗിച്ചാണ് Bartra Capital ചൈനീസ് നിക്ഷേപകരില്‍ നിന്നും സോഷ്യല്‍ ഹൗസിങ്ങുകളുടെയും, നഴ്‌സിങ് ഹോമുകളുടെയും നിര്‍മ്മാണത്തിന് പണം സ്വീകരിക്കുന്നത്.

ഇതിന് പുറമെ ഡബ്ലിനിലെ Beaumont Hospital-ലില്‍ പുതിയ ഓപ്പറേഷന്‍ തിയറ്റര്‍ നിര്‍മ്മിക്കാനായി ചൈനീസ് നിക്ഷേപകരുടെ സഹായത്തോടെ 2 മില്യണ്‍ യൂറോ Bartra Capital സ്വരൂപിക്കുന്നുണ്ട്. ഒപ്പം Tallaght Hospital-ല്‍ റോബോട്ടിക് സര്‍ജറി ഉപകരണം വാങ്ങാനും ഇവരില്‍ നിന്നും 1.6 മില്യണ്‍ യൂറോ കമ്പനി സ്വരൂപിക്കും. സര്‍ക്കാരിന്റെ IIP സ്‌കീമിലൂടെ 200-ലേറെ ചൈനീസ് കുടുംബങ്ങള്‍ക്ക് അയര്‍ലണ്ടില്‍ താമസമൊരുക്കാന്‍ തങ്ങള്‍ സഹായിച്ചതായാണ് Bartra Capital പറയുന്നത്.

രാജ്യത്ത് 1,000 വീടുകള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതില്‍ എത്രയെണ്ണത്തിന് ചൈനീസ് നിക്ഷേപം ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായില്ല. അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷേപത്തിന് ക്ഷണിച്ചുകൊണ്ട് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയിട്ടുമുണ്ട് Bartra Capital.

സര്‍ക്കാരിന്റെ Immigrant Investor Programme (IIP) പ്രകാരം അയര്‍ലണ്ടില്‍ താമസാനുമതി ലഭിക്കണമെങ്കില്‍ നിക്ഷേപം നടത്തുന്ന വിദേശവ്യക്തിക്ക് 2 മില്യണ്‍ യൂറോയുടെയെങ്കിലും സ്വത്ത് ഉണ്ടായിരിക്കണം. അതില്‍ 1 മില്യണ്‍ യൂറോയെങ്കിലും അയര്‍ലണ്ടില്‍ നിക്ഷേപിക്കുകയും വേണം. നല്ല വ്യക്തിത്വത്തിന് ഉടമകളായവര്‍ക്ക് മാത്രമേ രാജ്യത്ത് നിക്ഷേപം നടത്താന്‍ കഴിയുകയുമുള്ളൂ.

സോഷ്യല്‍ ഹൗസിങ്, നഴ്‌സിങ് ഹോമുകള്‍ പോലെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന പദ്ധതികളില്‍ വേണം നിക്ഷേപം നടത്താന്‍. 2012-ല്‍ ആരംഭിച്ച പദ്ധതി പ്രകാരം 1,100 പേരില്‍ നിന്നായി 500 മില്യണ്‍ യൂറോയുടെ വിദേശനിക്ഷേപം രാജ്യത്തുണ്ടായെന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന Department of Justice പറയുന്നത്. 190 പദ്ധതികളിലായി ഈ തുക നിക്ഷേപിക്കപ്പെട്ടു. നിക്ഷേപകര്‍ക്ക് നിശ്ചിത സമയത്തിന് ശേഷം തുക തിരികെ ലഭിക്കുകയും ചെയ്യും.

ആദ്യ ഘട്ടത്തില്‍ 2 വര്‍ഷം അയര്‍ലണ്ടില്‍ താമസിക്കാനുള്ള അനുമതിയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇത് പിന്നീട് 3 വര്‍ഷമായും, 5 വര്‍ഷമായും നീട്ടാന്‍ സാധിക്കും. പക്ഷേ പദ്ധതി പ്രകാരം ഐറിഷ് പൗരത്വം ലഭിക്കില്ല.

നേരത്തെ Dublin Simon, Irish Community Rapid Response എന്നിവര്‍ക്കായി അടിയന്തരാവശ്യത്തിന് ഹെലികോപ്റ്റര്‍ വാങ്ങാനായി ചൈനീസ് നിക്ഷേപകരില്‍ നിന്നും 2 മില്യണ്‍ യൂറോ സംഭാവന സ്വരൂപിക്കാന്‍ Bartra Capital-ന് കഴിഞ്ഞിരുന്നു. കമ്പനി തലവനായ Barrett ചൈനയില്‍ താമസിച്ചാണ് ബിസിനസ് നടത്തിവരുന്നത്.

Share this news

Leave a Reply

%d bloggers like this: